ആലപ്പുഴ:സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതയില്ലാത്ത ദുരിത കാഴ്ചകളുടെ നേർസാക്ഷ്യമെന്നു പറയാം ഈ ഡോക്യുമെന്ററിയെ. 'നാം അതിജീവിക്കും' എന്ന ഡോക്യുമെന്ററിയിലൂടെ പ്രമുഖ സംവിധായകൻ ഭരത്ബാല കോറിയിടുന്നത് ഇത്തരം കാഴ്ചകളാണ്. നാല് മിനിട്ട് മാത്രമാണ് ദൈർഘ്യമെങ്കിലും രാജ്യം നിശ്ചലമായി, മരവിച്ചു നിൽക്കുന്നത് എങ്ങനെയെന്ന് ഓരോ സീനുകളിലൂടെയും ബോദ്ധ്യപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. 14 സംസ്ഥാനങ്ങളിലെ ദൃശ്യങ്ങൾ കോർത്തിണക്കി , വിവിധ ഭാഷകളിലായി ഒരുക്കിയിട്ടുള്ള ഡോക്യുമെന്ററിയുടെ മലയാളം പരിഭാഷയിൽ പശ്ചാത്തല വിവരണം നൽകിയിട്ടുള്ളത് നടി മഞ്ജുവാര്യരാണ് എന്ന പ്രത്യേകതയുമുണ്ട്. മാർച്ച് 24 മുതൽ ഒമ്പത് ആഴ്ചക്കാലത്തെ രാജ്യത്തിന്റെ അവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. 'എന്തുണ്ടായെന്നറിയില്ല,ഞൊടിയിടയിൽ എല്ലാം മാറിമറിഞ്ഞു.പക്ഷെ നാളെ സൂര്യനുദിക്കും, നാം അതിജീവിക്കും' ഈ വാചകങ്ങളാണ് മഞ്ജുവാര്യരുടെ ശബ്ദത്തിൽ കോൾക്കുന്നത്.
117 പേർ ചേർന്ന് 15 സംഘങ്ങളായി തിരിഞ്ഞ് കാശ്മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ അസം വരെയുമുള്ള പ്രദേശങ്ങളിലെ കാഴ്ചകളാണ് പകർത്തിയിട്ടുള്ളത്. കേരളത്തിലെ ദൃശ്യങ്ങളുടെ ക്യാമറാമാൻ സുധീപ് ഇളമൺ ആണ്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എ.കബീറും.ഫോർട്ട് കൊച്ചിയിലെയും കുട്ടനാട്ടിലെയും ദൃശ്യങ്ങളാണ് കേരളത്തിൽ നിന്നുള്ളത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഡോക്യുമെന്ററിയായി ചിത്രീകരിച്ചിരുന്നതും ഭരത്ബാലയാണ്.കോമൺവെൽത്ത് ഗെയിംസിന്റെ കൾച്ചറൽ പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.തുടർച്ചയായി എടുക്കുന്ന 1000 ഡോക്യുമെന്ററികളുടെ കൂട്ടത്തിൽ ഉപ്പെടുത്തിയാണ് നാം അതിജീവിക്കും എന്ന ലഘുചിത്രവും തയ്യാറാക്കിയിട്ടുള്ളത്. വെർച്വൽ ഭാരത് എന്ന കമ്പനിയാണ് ഡോക്യുമെന്ററിയുടെ നിർമ്മാണ നിർവഹണം.