മൂന്നു കയർ മ്യൂസിയങ്ങൾ അന്തിമ ഘട്ടത്തിലേക്ക്.
ആലപ്പുഴ: ആലപ്പുഴ പൈതൃക നഗരം പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് കയർ മ്യൂസിയം കെട്ടിടങ്ങളുടെ നവീകരണ ജോലികൾ അന്തിമഘട്ടത്തിലേക്ക്. ആദ്യ മ്യൂസിയം മൂന്നു മാസത്തിനുള്ളിൽ നാടിന് സമർപ്പിക്കും. കയർഫെഡിന്റെ കെട്ടിടത്തിൽ കയർ യാൺ (ചകരിനാര്) മ്യൂസിയമാണ് പൂർത്തീകരിക്കുന്നത്. കയർ കോർപ്പറേഷൻ കെട്ടിടത്തിൽ കയർചരിത്ര മ്യൂസിയവും ന്യൂമോഡൽ ഫാക്ടറി കെട്ടിടത്തിൽ കയർ തൊഴിലാളി ചരിത്ര മ്യൂസിയവും വേഗം പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
20 ചെറുമ്യൂസിയങ്ങളിൽ 15 എണ്ണത്തിനായി ടൂറിസം വകുപ്പും കിഫ്ബിയും 63 കോടിമുടക്കും. ഇതിന്റെ ഭാഗമായി, 100 വർഷം പഴക്കമുള്ള 50 കെട്ടിടങ്ങൾ പുന:രുദ്ധരിക്കും. വാടക്കനാൽ, കൊമേഴ്‌സ്യൽ കനാലുകളുടെ പടിഞ്ഞാറൻ പ്രദേശത്ത് ഇരുകരകളിലുമായാണ് മ്യൂസിയങ്ങൾ സ്ഥാപിക്കുന്നത്. സഞ്ചാരികൾക്ക് കനാലിലൂടെ സഞ്ചരിച്ച് മ്യൂസിയങ്ങൾ കാണാൻ അവസരമൊരുക്കും വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പൈതൃക നഗരം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയിൽ ആലപ്പുഴയ്ക്ക് പുതിയ മുഖമാവും. കയർഫെഡിന്റെ കെട്ടിടത്തിൽ കയർ യാൺ മ്യൂസിയവും കയർകോർപ്പറേഷൻ കെട്ടിടത്തിൽ കയർചരിത്ര മ്യൂസിയവും ന്യൂമോഡൽ ഫാക്ടറി കെട്ടിടത്തിൽ കയർ തൊഴിലാളി ചരിത്രവും ഉൾപ്പെടുത്തിയാണ് നവീകരണം നടക്കുന്നത്. കയർഫെഡിന്റെ കെട്ടിടത്തിൽ ഗാന്ധിമ്യൂസിയത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു.
ഗാന്ധിജി കേരളം സന്ദർശിച്ച അഞ്ചു തവണകളുടെ സാമൂഹികവും പ്രാദേശികവുമായ പശ്ചാത്തലം ഉൾപ്പെടുത്തിയാണ് മ്യൂസിയത്തിന്റെ നിർമ്മാണം. ഗാന്ധിയൻ ആദർശങ്ങളും സന്ദേശങ്ങളും വൈദ്യശാസ്ത്രവും ഉൾപ്പെടുത്തും. വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ നിലനിറുത്തിക്കൊണ്ടായിരിക്കും നിർമ്മാണം. ബീച്ചിലാണ് തുറമുഖ മ്യൂസിയം പുനർ നിർമ്മാണം പുരോഗമിക്കുന്നത്.
ആലപ്പുഴയിലെ കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരണ ജോലികൾ അന്തിമ ഘട്ടത്തിലാണ്.
......................................
122 കോടി: പൈതൃക നഗരപദ്ധതി ചെലവ്
.....................................
# മുഖം മാറുന്ന വിധം
ആദ്യ മ്യൂസിയം സമർപ്പണം മൂന്ന് മാസത്തിനകം
കനാൽ കരകളിലൂടെ നടപ്പാതയും സൈക്കിൾട്രാക്കും
കെ.എസ്.ആർ.ടി.സി കേന്ദ്രീകരിച്ച് മൊബിലിറ്റി ഹബ്ബ്
കനാൽ നവീകരണം, നഗരശുചിത്വം 150 കോടി
പൈതൃക സംരക്ഷണ പദ്ധതിക്ക് 150 കോടി
15 മന്ദിരങ്ങളുടെ നവീകരണത്തിന് 63 കോടി
.........................................
# മറ്റ് പ്രധാന മ്യൂസിയങ്ങൾ
വോൾകാട്ട് ബ്രദേഴ്‌സ്, ബോംബെ കമ്പനി, തോമസ് നോർട്ടൺ മ്യൂസിയം, എസ്.ഡി.വി സ്‌കൂൾ (വിദ്യാഭ്യാസ മ്യൂസിയം), കൊട്ടാരം ആശുപത്രി (ആരോഗ്യ മ്യൂസിയം), വില്യം ഗുഡേക്കർ കമ്പനി (കെ.സി.കരുണാകരൻ മ്യൂസിയം), കിടങ്ങാംപറമ്പ് (നവോത്ഥാന മ്യൂസിയം)
തകരുന്ന കാഴ്ചകൾ
മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വാടക്കനാൽ, കോമേഴ്‌സ്യൽ കനാൽ ഭാഗങ്ങളിൽ ടൂറിസം വകുപ്പ് നിർമ്മിച്ച ശില്പങ്ങൾ കനാൽ കരയിൽ കൗതുകം പകരുന്നവയാണ്. അഞ്ച് വർഷം മുമ്പാണ് മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 കോടി ചെലവഴിച്ചുള്ള സൗന്ദര്യവത്കരണ ചുമതല ടൂറിസം വകുപ്പ് കിഡ്‌കോയെ ഏല്പിച്ചത്. 67 ലക്ഷം മുടക്കി നിരവധി ശില്പങ്ങൾ ഇതിനോടകം സ്ഥാപിച്ചിരുന്നു. എന്നാൽ നിലവിൽ നടക്കുന്ന കനാൽ നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ കരയിലുള്ള ചില ശില്പങ്ങൾ കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് തകർത്തത് വിരോധാഭാസമായി.