ആലപ്പുഴ: പ്രളയനിയന്ത്രണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കി ഇനിയുമൊരു പ്രളയത്തിലേക്ക് ജില്ലയെ തള്ളിവിടരുതെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാം ജനറൽ, സെക്രട്ടറി പി.ഗാനകുമാർ എന്നിവർ പറഞ്ഞു.
തോട്ടപ്പള്ളി പൊഴിമുഖം വീതി കൂട്ടി തുറക്കുന്നതോടൊപ്പം സ്പിൽവേയുടെ കിഴക്ക് ഭാഗത്തും ലീഡിംഗ് ചാനലിലും നടക്കുന്ന ആഴം കൂട്ടൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് വേഗത്തിലാക്കണം. സ്പിൽവേയുടെ മുഴുവൻ ഷട്ടറുകളും ഉപ്പുവെള്ളം കയറാത്ത വിധം സജ്ജമാക്കാൻ ഇറിഗേഷൻ വകുപ്പ് നടപടികൾ സ്വീകരിക്കണം. എങ്കിൽ മാത്രമേ നീരൊഴുക്ക് വർദ്ധിപ്പിച്ച് പ്രളയത്തിൽ നിന്നു ജില്ലയെ രക്ഷിക്കാൻ കഴിയൂ. കോൺഗ്രസ്, ബി.ജെ.പി ഉൾപ്പെടെയുള്ളവർ രാഷ്ട്രീയ ലക്ഷ്യം വച്ച് സമാരാഭാസം നടത്തുകയാണ്. കരിമണൽ കമ്പനിയോട് ലക്ഷങ്ങൾ കോഴ ചോദിച്ചവരും സമരം ചെയ്യുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിന് ശേഷം പൊഴിയുടെ ആഴവും വീതിയും കൂട്ടാൻ പി.തിലോത്തമൻ ഉൾപ്പെടെ ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരും പങ്കെടുത്ത കാബിനറ്റ് തീരുമാനത്തിന് എതിരെ സി.പി.ഐ സമരം ചെയ്യുമ്പോൾ മന്ത്രി പി.തിലോത്തമൻ നിശബ്ദത പാലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.