ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കാറ്റാടി മരങ്ങൾക്കൊപ്പം ജലമൊഴുക്കില്ലാത്ത പ്രദേശത്തെ മരങ്ങളും പൊഴിമുഖത്തിനു വീതികൂട്ടാനെന്ന വ്യാജേന വെട്ടിമാറ്റിയത് കരിമണൽ ഖനനത്തിനു വേണ്ടിയാണെന്ന് വ്യക്തമായെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു പറഞ്ഞു.
പാരിസ്ഥിതിക ദൗർബല്യവും തുടർച്ചയായ കടലാക്രമണങ്ങളും മൂലം ജില്ലയുടെ തീരപ്രദേശം കരിമണൽ ഖനനത്തിന് അനുയോജ്യമല്ല. എന്നാൽ ഖനനം വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. കഴിഞ്ഞ പ്രളയത്തിനു ശേഷം യാതൊരു മുൻകരുതൽ നടപടികളും സർക്കാർ നടപ്പാക്കിയിട്ടില്ല. പ്രളയ ജലം ഒഴുകിപ്പോകാനായി പൊഴിമുഖത്തിന്റ വീതിയും ആഴവും കൂട്ടുന്നതിനോട് കോൺഗ്രസും പ്രക്ഷോഭം നടത്തുന്നവരും എതിരല്ല. മുൻകാലങ്ങളിലും കാലവർഷത്തിനു മുൻപ് പൊഴിമുഖത്തിന്റ വീതി വർദ്ധിപ്പിക്കാറുള്ളതാണ്. ഇത്തവണ ഇതിന്റെ മറവിൽ ലക്ഷക്കണക്കിന് ടൺ കരിമണൽ തീരപ്രദേശത്ത് നിന്നും കടത്തിക്കൊണ്ടു പോകുന്നതിനെയാണ് എതിർക്കുന്നതെന്നും ലിജു പ്രസ്താവനയിൽ പറഞ്ഞു.