കള്ളുചെത്ത് മേഖല പ്രതിസന്ധിയിൽ
പൂച്ചാക്കൽ: തൊഴിലാളികളുടെ കൈപ്പിടിയിൽ ഒതുങ്ങാതെ വഴുതുന്ന കള്ള് ചെത്ത് വ്യവസായം, അവരുടെ കഞ്ഞികുടി മുട്ടിക്കുന്ന വിധത്തിലേക്ക് കൂപ്പുകുത്തിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് പരിഗണന ലഭിക്കുന്നില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൂറുകണക്കിന് പേരാണ് തൊഴിൽ രംഗം വിട്ടത്. ചേർത്തല താലൂക്കിൽ തൊള്ളായിരത്തോളം യൂണിയൻ തൊഴിലാളികൾ ജോലി ചെയ്തിടത്ത് ഇപ്പോൾ 352 പേർ മാത്രമായി. ഇതിൽത്തന്നെ 67 പേർ ഇവിടത്തെ കള്ളുഷാപ്പുകൾക്കു വേണ്ടി പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ മുതൽ തമിഴ്നാട് അതിർത്തിയിലുള്ള മധുക്കര വരെയുള്ള തെങ്ങിൻ തോപ്പുകളിലാണ് ചെത്തുന്നത്.
ആരോഗ്യമുള്ള തെങ്ങുകളുടെ ലഭ്യതക്കുറവും പുതിയ തലമുറ ഈ തൊഴിലിനോട് ആഭിമുഖ്യം കാട്ടാത്തതുമാണ് നേരിടുന്ന വലിയ പ്രതിസന്ധി. ഒരു തൊഴിലാളി ഒരു ദിവസം എട്ടു തെങ്ങാണ് ചെത്തുന്നത്. ശരാശരി 10 ലിറ്റർ കള്ള് ലഭിക്കും. ദിവസ വരുമാനം 600 രൂപ. ഒരു ചുട്ടയിൽ നിന്ന് 60 ദിവസം നീരെടുക്കാം. അതിനിടെ അടുത്ത ചുട്ട ചെത്താൻ പാകത്തിന് കുലച്ചു നിൽക്കണം. ഒരു തെങ്ങ് രണ്ടു വർഷമാണ് ചെത്താൻ സാധിക്കുന്നത്. തെങ്ങൊന്നിന് ഉടമയ്ക്ക് പ്രതിമാസം 400-450 രൂപ വരെ പാട്ടമായി നൽകണം.
തെങ്ങു കർഷകർക്ക് കൂടുതൽ ആദായം കിട്ടാനായി നീര ഉത്പാദിപ്പിച്ച് ശീതളപാനീയമാക്കി വിപണിയിലെത്തിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന നീര ബോർഡും ഉദ്ദേശിച്ച ഫലം കണ്ടില്ല. 100 കോടി രൂപ ബഡ്ജറ്റിലാണ് പ്രവർത്തനം തുടങ്ങിയത്. പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ക്ലസ്റ്റർ സംഘങ്ങൾ രൂപീകരിച്ചു. നീര ഉത്പാദനത്തിന്റെ സാങ്കേതിക പരിശീലിപ്പിച്ച് നീര ടെക്നീഷ്യന്മാരെയും സജ്ജരാക്കി. പരമ്പരാഗത 'ചെത്ത്' വേഷങ്ങളും ശരീരഭാഷയുമൊക്കെ മാറ്റി യുവാക്കളെ ആകർഷിക്കാനും ആദ്യമൊക്കെ സാധിച്ചു. എന്നാൽ വിപണിയിലെ ശീതളപാനീയ കമ്പനികളോട് മത്സരിച്ചു നിൽക്കാൻ നീര ബോർഡിനായില്ല. അടച്ചു പൂട്ടിയപ്പോൾ സർക്കാർ ഖജനാവിന് നഷ്ടം 100 കോടിയും!
....................................
600: ചെത്തുതൊഴിലാളിയുടെ ദിവസ വരുമാനം
400-450: തെങ്ങുടമയ്ക്ക് തെങ്ങൊന്നിന് മാസം ലഭിക്കുന്ന പാട്ടം
...........................
എക്സൈസ് നിയമങ്ങളിൽ മാറ്റം വരുത്തി, കള്ളിന് ശീതള -ആരോഗ്യപാനീയമെന്ന പരിഗണന വന്നെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ടു പോവുകയുള്ളു. അല്ലെങ്കിൽ അധികം വൈകാതെ കള്ള് ചെത്ത് മേഖല ഇല്ലാതാവും
(കെ.കെ.ചന്ദ്രബാബു, ജനറൽ സെക്രട്ടറി, ചേർത്തല താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ-സി.ഐ.ടി.യു)
........................................
കഷ്ടപ്പാടനുസരിച്ചുള്ള വരുമാനമില്ല. ചെത്താൻ തെങ്ങു കിട്ടാനും ബുദ്ധിമുട്ടാണ്. യുവാക്കളാരും പുതുതായി ഈ രംഗത്തേക്ക് വരുന്നതുമില്ല. വല്ലാത്ത പ്രതിസന്ധിയിലാണ് മേഖല
(രമണൻ കാരിച്ചിറ, ചെത്തു തൊഴിലാളി)
...................................
കള്ള് 'മധു' ആകുന്നത്
അഷ്ടാംഗഹൃദയത്തിൽ പറയുന്ന 'മധു' കള്ളു തന്നെയാണ്. എന്നാൽ ഇതിന്റെ നിർമ്മിതിക്ക് വ്യത്യാസമുണ്ട്. തെങ്ങിൽ വെച്ചിട്ടുള്ള മൺമാട്ടത്തിനുള്ളിൽ താമരയില വെച്ച്, ഊറി വരുന്ന നീര് രണ്ടു മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ചില വൈദിക ചടങ്ങുകൾക്ക് മധു എടുത്തിരുന്നു. വ്രതനിഷ്ഠയോടെയാണ് തൊഴിലാളി ഇതിന് സജ്ജമാകുന്നത്. ശരീരത്തിന് താരതമ്യന ദോഷം കുറഞ്ഞ കള്ളിനെ ശീതളപാനീയത്തിന്റെ ഗണത്തിൽപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.