ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ മസ്ജിദുകൾ 30വരെ തുറക്കേണ്ടതില്ലെന്ന് ലജ്നത്തുൽ മുഹമ്മദിയ്യയുടെ നേതൃത്വത്തിൽ ചേർന്ന നേതൃയോഗം തീരുമാനിച്ചു. ഇന്നു മുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയ സാഹചര്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആലപ്പുഴ നഗരത്തിലെ സാഹചര്യം പരിഗണിച്ചാണ് മസ്ജിദുകൾ തുറക്കേണ്ടെന്ന തീരുമാനം എടുത്തതെന്ന് ലജ്നത്തുൽ മുഹമ്മദിയ്യ അറിയിച്ചു.
പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ മഹല്ല്-ജമാഅത്ത്-സംഘടന പ്രതിനിധികളുടെ യോഗത്തിൽ പി.എ.ഷിഹാബുദ്ദീൻ മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ലജ്നത്തുൽ മുഹമ്മദിയ്യ ജനറൽസെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, ഭാരവാഹികളായ എസ്.എം.ഷെരീഫ്, എസ്.ബി.ബഷീർ, അഡ്വ. കെ.നജീബ്, ബി.എ.ഗഫൂർ, വിവിധ സംഘടന-മഹല്ല് പ്രതിനിധികളായ അൻസാരി സുഹരി, സാഗർ സിത്താര, നൗഷാദ് പടിപ്പുരക്കൽ, ഷാജി കോയ, കെ.എ.മുഹമ്മദ്, കെ.എസ്.അഷ്റഫ്, എച്ച്.സലിം, എ.പി.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.