ആലപ്പുഴ:രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി ആയുർവേദ രംഗത്തെ വിവിധ സംഘടനകൾ ചേർന്ന് ആരംഭിക്കുന്ന ആയുർവേദ ഇമ്യൂണിറ്റി ക്ലിനിക്ക് ആയുർഷീൽഡ് ജില്ലയിൽ ഇന്ന് തുടങ്ങും. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ആയുർവേദ ഔഷധങ്ങൾ, യോഗ, ജീവിതരീതികൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ ഏകീകൃത രീതിയിലുള്ള ഇമ്യൂണിറ്റി ക്ലിനിക്കുകൾ ആണ് ആയുർഷീൽഡിലൂടെ നടപ്പാക്കുന്നത് .
കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ, ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷനും മറ്റ് പ്രമുഖ ആയുർവേദ സംഘടനകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും ആയുർവേദ ശാസ്ത്രത്തിന്റെ രോഗപ്രതിരോധ ശക്തി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ മേഖലയിൽ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 50 ആയുർ ഷീൽഡുകൾ ആരംഭിക്കുമെന്ന് ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോ. ജില്ലാ പ്രസിഡന്റ് ഡോ.രവികുമാർ കല്യാണിശേരിൽ, സെക്രട്ടറി ഡോ. ഷിനോയ് ആയുർക്ഷേത്ര എന്നിവർ പറഞ്ഞു.