ആലപ്പുഴ: മാസ്ക് ധരിച്ചെത്തി മുല്ലയ്ക്കൽ എ.വി.ജെ ജ്യുവലിറിയിൽ നിന്ന് രണ്ടര പവൻ കവർന്നയാൾ പിടിയിൽ. സ്വർണ്ണ വ്യാപാര ശാലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി ഭഗവതിക്ഷേത്രത്തിന് സമീപം പുതുപ്പള്ളി വീട്ടിൽ താമസിക്കുന്ന ജോസഫ് മാത്യുവിനെയാണ് (53) ആലപ്പുഴ നോർത്ത് സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. ഡിസ്‌പ്ലേ ബോക്‌സിൽ സൂക്ഷിച്ചിരുന്ന ബ്രേസ് ലെറ്റുകൾ ജീവനക്കാരെ കബളിപ്പിച്ച് കവരുകയായിരുന്നു. കടയിലെ സി.സി.ടി.വി കാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞെങ്കിലും മാസ്ക് ധരിച്ചിരുന്നതിനാൽ പൊലീസിന് ആളെ തിരിച്ചറിയാൻ പ്രയാസമായി. തുടർന്ന് നടത്തിയ തെരച്ചിലിൽ ചങ്ങനാശേരിയിലെ വീടിന് സമീപത്തു നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിരവധി ജ്വല്ലറി മോഷണ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ടോൾസൺ ജോസഫ്, സീനിയർ സി.പി.ഒ ബിനോജ്, സി.പി.ഒമാരായ എൻ.എസ്.വിഷ്ണു, ലാലു അലക്‌സ്, പ്രവീഷ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.