എടത്വാ: മഴ എത്തിയതോടെ ഗ്രാമീണ റോഡ് കുളമായി. എടത്വാ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പാണ്ടങ്കരി പൂവക്കാട്-മുളപ്പൻചേരി റോഡാണ് ടാറിംഗ് അടർന്ന് തകർന്നത്. കാൽനട യാത്രക്കാർക്കോ ഇരുചക്രവാഹനങ്ങൾക്കോ പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. പാണ്ടകരി കത്തോലിക്ക പള്ളി, മർത്തോമ പള്ളി, കെച്ചുശാസ്താ ക്ഷേത്രം, പാലപ്പറമ്പ് കോളനി എന്നീ സ്ഥലങ്ങളിലേക്ക് എത്താൻ യാത്രക്കാർ പ്രധാനമായി ആശ്രയിക്കുന്ന റോഡാണിത്. പ്രളയശേഷം തകർന്ന റോഡ് പുന: സ്ഥാപിക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ജനപ്രതിനിധികൾ തിരിഞ്ഞ് നോക്കിയില്ല. ഇനി ഒരുവെള്ളപ്പൊക്കം താങ്ങാനാവാതെ റോഡ് പൂർണ തകർച്ചയിൽ എത്താൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
പാണ്ടങ്കരി പൂവക്കാട്-മുളപ്പൻചേരി റോഡിന്റെ സ്ഥിതി ദയനീയമാണ്. പൂർണമായും റോഡ് തകരുന്ന നിലയിലാണ്. വെള്ളപ്പൊക്കത്തിന് മുൻപേ പഞ്ചായത്ത് ഇടപെട്ട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം.
സനിൽകുമാർ
പൊതുപ്രവർത്തകൻ