t

 ഓൺലൈൻ പഠനത്തിന് ടി.വിയില്ലാതെ രണ്ടു കുട്ടികൾ

ആലപ്പുഴ: പത്താംക്ളാസുകാരൻ അരുണിനും ഏഴാം ക്ളാസുകാരൻ വിഷ്ണുവിനും പഠിക്കണം. ചിതലെടുത്തു തുടങ്ങിയ, പലകയടിച്ച രണ്ടുമുറി വീട്ടിൽ ടി.വി ഇല്ല, സ്മാർട്ട് ഫോണില്ല. മഴപെയ്താൽ തുള്ളിവെള്ളം പോലും പുറത്തേക്കു പോവുകയുമില്ല. എന്തുചെയ്യും?​

ഓൺലൈൻ ക്ളാസിന്റെ സമയമായാൽ ഇരുവരും തൊട്ടപ്പുറത്തുള്ള അമ്മവീട്ടിലേക്ക് ഒരോട്ടമാണ്. അവിടത്തെ ടി.വിക്കു മുന്നിലാണ് ഓൺലൈൻ പഠനം. അവിടെയും തീരുന്നില്ല ഓട്ടം. ഓൺലൈൻക്ളാസിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ടീച്ചർമാർ തയ്യാറാക്കി വാട്ട്സാപ്പ് ഗ്രൂപ്പിലിടും. അതുകിട്ടാൻ കുറച്ചകലെയുള്ള രണ്ട് കൂട്ടുകാരുടെ വീട്ടിലെത്തി ഫോൺ നോക്കണം. ഉത്തരം തയ്യാറാക്കി അതേ ഫോണിൽ നിന്നുതന്നെ അയയ്ക്കണം. ചേർത്തല വിദ്യാഭ്യാസ ഉപജില്ല പരിധിയിൽപ്പെട്ട തീരദേശവാസികളായ പല കുട്ടികളുടെയും അവസ്ഥയാണിത്.

അരുണിന്റെയും വിഷ്ണുവിന്റെയും പിതാവ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആഞ്ഞിലിപ്പറമ്പിൽ ശിശുപാലൻ മത്സ്യത്തൊഴിലാളിയായിരുന്നു. പിന്നീട് നിർമ്മാണ മേഖലയിലേക്ക് മാറിയെങ്കിലും ലോക്ക്‌ഡൗൺ ആയതോടെ പണിയില്ലാതായി. അമ്മ സുനി വീട്ടുവേലയ്ക്കു പോകും. സുനിയുടെ പിതാവ് വിജയനും അമ്മ സുശീലയും തൊട്ടടുത്താണ് താമസം. ആ വീട്ടിലെ ടി.വിയാണ് ഇപ്പോൾ ഓൺലൈൻ പഠനത്തിന് ഈ മക്കൾക്ക് ആശ്രയം. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ് അരുൺ.

 സഹായം തേടി പി.ടി.എ

ചെട്ടികാട് ശ്രീ ചിത്തിരമഹാരാജ വിലാസം ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് വിഷ്ണു. വീട്ടിൽ ഓൺലൈൻ പഠനത്തിന് ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത 20 ഓളം കുട്ടികളുണ്ടിവിടെ. ഹെഡ് മാസ്റ്റർ വേണുവും പി.ടി.എ പ്രസിഡന്റ് എൻ.ടി.സെബാസ്റ്റ്യനും മുൻകൈയെടുത്ത് ഓരോ കുട്ടിയുടെയും വീടിന് സമീപം ടി.വി സൗകര്യമുള്ള മറ്റു വീട്ടുകാരുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കി. അവരുടെ സ്മാർട്ട് ഫോണുകളുപയോഗിക്കാനും അനുമതി വാങ്ങി.

''ഓൺലൈൻ പഠന സൗകര്യമില്ലാത്ത എല്ലാവർക്കും അതിന് അവസരമൊരുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്രദേശത്തുള്ള പലരും ഇക്കാര്യത്തിൽ സഹായിക്കുന്നുണ്ട്. ഒപ്പം അദ്ധ്യാപകരുടെ സഹകരണവും. മന്ത്രി തോമസ് ഐസക് അടക്കമുള്ളവർ സ്കൂളിനുവേണ്ട സഹായങ്ങൾ ചെയ്യുന്നുണ്ട്.

-എൻ.ടി.സെബാസ്റ്റ്യൻ (പി.ടി.എ പ്രസിഡന്റ്)