ആലപ്പുഴ: ശ്രീനാരായണഗുരുദേവൻ അരുളിയ ശുദ്ധിപഞ്ചകം പുസ്തകം വ്യാഖ്യാന സഹിതം എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്നു. ശുചിത്വത്തിന് പ്രാധാന്യമേറിവരുന്ന കൊവിഡ് കാലഘട്ടത്തിൽ മനുഷ്യജീവിതത്തിൽ എങ്ങനെയായിരിക്കണം ശുചിത്വം പാലിക്കേണ്ടതെന്നതും ശരീര ശുദ്ധിയും, വാക്ക്, മനസ്, ഇന്ദ്രിയ, ഗൃഹ ശുദ്ധികളും പരിസര ശുദ്ധിയും എങ്ങനെ പരിപാലിക്കണമെന്നും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
കൊവിഡ് പ്രതിരോധത്തിനുള്ള ആധുനിക മാർഗ്ഗങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകം യൂണിയൻ അതിർത്തിയിലെ മുഴുവൻ വീടുകളിലും സൗജന്യമായി വിതരണം ചെയ്യും. പുസ്തകത്തോടൊപ്പം മാസ്കുകളും നൽകും. ഗൃഹശുചീകരണവും പരിസരശുചീകരണവും ഗുരുക്ഷേത്ര പരിസര ശുചീകരണവും ഇതിന്റെ ഭാഗമായി നടക്കും. പഞ്ചശുദ്ധി പുസ്തക പ്രകാശനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. കൊവിഡ് പ്രതിരോധം, പകർച്ച വ്യാധിക- മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ എന്നിവ 10ന് ആരംഭിക്കുമെന്ന് യൂണിയൻ ചെയർമാൻ ഡോ. എ.വി.ആനന്ദരാജ്, വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട്, കൺവീനർ ബൈജു അറുകുഴി, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം എൻ.വിനയചന്ദ്രൻ എന്നിവർ അറിയിച്ചു.