അരുണിനും വിഷ്ണുവിനും തുണയായത് കേരളകൗമുദി വാർത്ത
ആലപ്പുഴ: ഓൺലൈൻ ക്ളാസ് ആരംഭിക്കുമ്പോൾ ടി.വിക്കു മുന്നിലെത്താൻ പത്താം ക്ളാസുകാരൻ അരുണും ഏഴാം ക്ളാസുകാരൻ വിഷ്ണുവും ഇനി അടുത്ത വീട്ടിലേക്ക് ഓടേണ്ട. സ്വന്തം വീട്ടിലേക്ക് പുത്തൻ ടി.വി എത്തി. ഇരുവരുടെയും ബുദ്ധിമുട്ടിനെക്കുറിച്ച് ഇന്നലെ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യുവാണ് പുതിയ ടെലിവിഷൻ വാങ്ങി നൽകിയത്.
ചെട്ടികാട് ശ്രീചിത്തിര മഹാരാജ വിലാസം ഗവ. യു.പി സ്കൂൾ വിദ്യാർത്ഥിയാണ് വിഷ്ണു. അരുൺ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ വിദ്യാർത്ഥിയും. പിതാവ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആഞ്ഞിലിപ്പറമ്പിൽ ശിശുപാലൻ മത്സ്യത്തൊഴിലാളിയായിരുന്നു. ഇപ്പോൾ നിർമ്മാണ മേഖലയിലാണ് പണിയെങ്കിലും ലോക്ക്ഡൗൺ കാരണം ദിവസങ്ങളായി ജോലിയില്ല. അമ്മ സുനി വീട്ടുവേലയ്ക്ക് പോകുന്നതാണ് ആകെയുള്ള വരുമാനം.പലകയടിച്ച രണ്ടുമുറി വീട്ടിലാണ് കുടുംബത്തിന്റെ താമസം. ശ്രീചിത്തിര മഹാരാജവിലാസം ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എൻ.ജെ.സെബാസ്റ്റ്യൻ, പി.കെ.ശ്യാം, അദ്ധ്യാപിക ജിഷർ,സി.കെ.മുരളി എന്നിവരും ടി.വി കൈമാറുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.