 ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ

ആലപ്പുഴ: ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരുന്നതോടെ തീരത്ത് ഇനി ആശങ്കയുടെ നാളുകൾ. അഞ്ചു മുതൽ 20 വരെ തൊഴിലാളികൾ കയറാവുന്ന 1000 ബോട്ടുകളാണ് ജില്ലയിലുള്ളത്. ഇൻബോർഡ് വള്ളങ്ങളിൽ പണിയെടുക്കുന്ന മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളും ഇതിന് പുറമേ അനുബന്ധ തൊഴിലാളികളും ട്രോളിംഗ് നിരോധന കാലയളവിൽ ദുരിതത്തിലാവും.

മത്സ്യങ്ങളുടെ പ്രജനനകാല സംരക്ഷണത്തിനായി ജൂലായ് 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനമാണ് സർക്കാർ നടപ്പാക്കുന്നത്. ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം പൂർണ്ണമായും തടയും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താമെങ്കിലും മത്സ്യലഭ്യതയിൽ അനുഭവപ്പെടുന്ന കുറവാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്നത്. ജില്ലയിലെ തോട്ടപ്പള്ളി, കായംകുളം മത്സ്യബന്ധന തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ബോട്ടുകൾ അടുപ്പിക്കാനാണ് നിർദേശം. എന്നാൽ തോട്ടപ്പള്ളി തുറമുഖത്ത് മണൽ അടിഞ്ഞതിനാൽ ബോട്ടുകൾക്ക് സുരക്ഷിതമായി കയറാനാവില്ല. കായംകുളം തുറമുഖം വഴി കായംകുളം കായലിലാണ് ജില്ലയിൽ നിന്നുള്ള ബോട്ടുകൾ സുരക്ഷിതമായി കെട്ടിയിടുന്നത്. കഴിഞ്ഞ ദിവസം തുറമുഖത്ത് ബോട്ടുകൾ കയറുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണവും വിനയായി.

കൊവിഡ് ലോക്ക്ഡൗൺ മൂലം മാർച്ച് 24 മുതൽ നിശ്ചലാവസ്ഥയിലായിരുന്നു മത്സ്യമേഖല. നിയന്ത്രണങ്ങളിൽ ഇളവു വന്നപ്പോഴേക്കും കാലവർഷം മൂലം കടൽ പ്രക്ഷുബ്ദ്ധമായി. ബോട്ടു തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസമായിരുന്നു ചെറുവളളങ്ങളിൽ പോയുള്ള മത്സ്യ ബന്ധനം. മൂന്ന് ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും ട്രോളിംഗ് നിരോധനം വലയ്ക്കും. കൊവിഡ് കാലത്ത് സർക്കാർ നൽകിയ സൗജന്യ അരി ആശ്വാസമായിരുന്നു. ട്രോളിംഗ് നിരോധന സമയത്ത് തീരദേശ മേഖലയിൽ സൗജന്യ റേഷൻ വിതരണം ചെയ്യുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനം ആയിട്ടില്ല.

 ലംഘിച്ചാൽ പിടിവീഴും

ട്രോളിംഗ് നിരോധനം ലംഘിച്ച് മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കുമെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കും. കടൽ രക്ഷാപ്രവർത്തനവും നിരീക്ഷണവും ശക്തമാക്കാൻ തീരദേശ പൊലീസിനും മറൈൻ എൻഫോഴ്സമെന്റിനും നിർദേശം നൽകി.

......................................

 പൊളിയും പീലിംഗ് മേഖല


ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ പീലിംഗ് മേഖലയിലെ തൊഴിലാളികൾക്ക് പണിയില്ലാതാകും. സ്ത്രീകളാണ് തൊഴിലാളികളിൽ കൂടുതലും. യന്ത്രവത്കൃത ബോട്ടുകൾ കടലിൽ ഇറങ്ങിയാൽ മാത്രമേ പീലിംഗ് കേന്ദ്രങ്ങളിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ.

....................................

കടൽക്ഷോഭം, ട്രോളിംഗ് നിരോധനം തുടങ്ങിയ സമയങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയാൽ ആശ്വാസമാകും. തീരദേശ മേഖലയിൽ സൗജന്യ റേഷൻ വിതരണം ചെയ്യണം


(മത്സ്യത്തൊഴിലാളി നേതാക്കൾ)

.....................................

ജില്ലാതലം

 6700: യന്ത്രവത്കൃത വള്ളങ്ങൾ

 1000: ബോട്ടുകൾ

 500: പൊന്ത് വള്ളങ്ങൾ

 2.75ലക്ഷം: മത്സ്യത്തൊഴിലാളികൾ

 25,000: അനുബന്ധ തൊഴിലാളികൾ