ആലപ്പുഴ:തോട്ടപ്പളളിയിൽ പൊഴിമുറിക്കലിന്റെ മറവിലുള്ള എല്ലാ ഖനനങ്ങളും അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി പ്രസ്താവനയിൽ പറഞ്ഞു. 18 ദിവസത്തിനിടെ തോട്ടപ്പള്ളിയിൽ നിന്നും കണക്കിൽപ്പെട്ട 2000 ലോഡും കണക്കിൽ ഇല്ലാത്ത 5000 ലോഡും കരിമണൽ കടത്തി. ഈ മണൽ ധാതുക്കൾ വേർതിരിച്ച് കടലിൽ നിക്ഷേപിക്കണമെന്ന സി.പി.എമ്മിന്റെ വഞ്ചനാപരവും അപ്രായോഗികവുമായ നിലപാടിനെയാണ് യു.ഡി.എഫ് വെല്ലുവിളിച്ചത്. ഖനനം ചെയ്തു മാറ്റുന്ന കരിമണലിന്റെ അഞ്ചിലൊരു ഭാഗം പോലും കണക്കിൽപ്പെടുത്താതെയാണ് കടത്തുന്നത്. തോട്ടപ്പള്ളിയിലെ ഖനനവും ഈ കള്ളക്കടത്തും അടിയന്തരമായി അവസാനിപ്പിക്കണമെന്നും മുരളി പറഞ്ഞു.