 സി.പി.എം- സി.പി.ഐ പോര് മുറുകുന്നു

 സമരം കടുപ്പിച്ച് ജനകീയ സമരസമിതി

ആലപ്പുഴ:തോട്ടപ്പള്ളിയിലെ മണൽ നീക്കവും കാറ്റാടി മരം മുറിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒളിഞ്ഞും തെളിഞ്ഞും സി.പി.എം-സി.പി.ഐ പോരിലേക്കെത്തുന്നു. ഖനനത്തിനെതിരെ തുടക്കംമുതൽ രംഗത്തുള്ള കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും സമരമുന മന്ത്രി ജി.സുധാകരനിലേക്ക് കൂടി തിരിച്ചു. കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും ഉൾപ്പെട്ട ജനകീയ സമരസമിതി റിലേ സത്യാഗ്രഹവുമായി ശക്തമായി രംഗത്തുണ്ട്. കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിക്കും.

ജില്ലയിലെ കരിമണൽ ഖനനത്തോട് സി.പി.ഐ നേരത്തെ എതിരാണ്. സ്വകാര്യ മേഖലയിലോ പൊതു മേഖലയിലോ സംയുക്തമേഖലയിലോ ഖനനം പാടില്ലെന്ന് പാർട്ടി ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയിട്ടുണ്ട്. അതിനാൽ തുടക്കംമുതൽ സി.പി.ഐയും എ.ഐ.ടി.യു.സിയും പ്രതിഷേധത്തിലാണ്.ഖനനത്തെ അനുകൂലിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ചിത്തരഞ്ജനാണ് സി.പി.എം ഭാഗത്തു നിന്ന് ആദ്യമെത്തിയത്.സർക്കാർ നയത്തിനെതിരെ പരസ്യപ്രതിഷേധവുമായി ഇറങ്ങിയ സി.പി.ഐയെ പ്രതിരോധത്തിലാക്കാൻ മന്ത്രി പി. തിലോത്തമനെയാണ് സി.ഐ.ടി.യു കരുവാക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിക്കാർ സമരം ചെയ്യുന്നത് തിലോത്തമൻ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്.സലാമും ജനറൽ സെക്രട്ടറി പി.ഗാനകുമാറും പ്രസ്താവനയിറക്കി. ഖനനം ചെയ്യുന്ന മണൽ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനാണ് നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 കടുപ്പിച്ച് ബി.ജെ.പി

ജനകീയ സമരസമിതിയുമായി സഹകരിക്കുമ്പോഴും സ്വന്തം നിലയിൽ സമരം കടുപ്പിക്കാനാണ് ബി.ജെ.പി നീക്കം. ഇന്നലെ തീരദേശ പഞ്ചായത്തുകളിൽ പല കേന്ദ്രങ്ങളിലും മന്ത്രി ജി.സുധാകരന്റെ കോലം കത്തിച്ചു. അഖില കേരള ധീവരസഭയും സമരം ശക്തമാക്കുകയാണ്. ഇതിനിടയിലാണ് മന്ത്രി തിലോത്തമനെതിരെ നടക്കുന്ന ആരോപണത്തിൽ പ്രതിഷേധിച്ച്, പഴയ സി.പി.എം നേതാവ് കൂടിയായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസിന്റെ പ്രസ്താവന വന്നത്.

 മിണ്ടാതെ മന്ത്രിമാർ

ആരോപണ പ്രത്യാരോപണങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും മണൽ ഖനനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരും.ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ, ജലസേചന വകുപ്പ് മന്ത്രിയോട് ചോദിക്കണമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. തോമസ് ഐസക്കും തിലോത്തമനും ഒന്നും അറിഞ്ഞ ഭാവം കാട്ടുന്നുമില്ല.

.....................................

തോട്ടപ്പള്ളി പൊഴി മുറിക്കാൻ സമയമായില്ല.കടലിലെ വെള്ളത്തിന്റെ നിരപ്പ് ഇപ്പോൾ ലീഡിംഗ് ചാനലിലെ ജലനിരപ്പിനെക്കാൾ ഉയരത്തിലാണ്.കിഴക്കൻവെള്ളത്തിന്റെ വരവ് ഇനിയും കൂടിയെങ്കിൽ മാത്രമെ പൊഴി മുറിക്കാനാവൂ. അതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.ആശങ്ക വേണ്ട

(അരുൺ കെ.ജേക്കബ്, ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ)