സർക്കാർ ഓഫീസുകൾ പൂർണ നിലയിലേക്ക്
ആലപ്പുഴ: സർക്കാർ ഓഫീസുകൾ പൂർണമായി തുറക്കണമെന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ എല്ലാ ഓഫീസുകളിലും ഹാജർ നില മെച്ചപ്പെട്ടു. ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ അമ്മമാരും ഗർഭിണികളും വർക്ക് ഫ്രം ഹോം തുടരുകയാണ്.
മേയ് 21ന് പൊതുഗതാഗതം ആരംഭിച്ചതോടെതന്നെ എല്ലാ ഓഫീസുകളിലും 80 ശതമാനത്തിലധികം പേർ ഹാജരായിത്തുടങ്ങിയിരുന്നു. ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ്, ദുരന്തനിവാരണം, ജയിൽ, ലീഗൽ മെട്രോളജി, നഗരസഭ, പഞ്ചായത്ത് ഓഫീസുകൾ, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി എന്നിവിടങ്ങളിൽ പൂർണതോതിലാണ് പ്രവർത്തനം. കൂടുതൽ ജീവനക്കാർ യാത്ര ആരംഭിച്ചതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ആളെണ്ണം കൂടിയതോടെ പല ഓഫീസുകളിലും തിരക്ക് അനുഭവപ്പെടുന്നു. ഓഫീസുകൾക്കുള്ളിൽ ഇരിപ്പിടങ്ങൾ തമ്മിൽ വേണ്ടത്ര അകലം ക്രമീകരിച്ചാണ് തിരക്ക് ഒഴിവാക്കുന്നത്. വരും ദിവസങ്ങളിൽ പൊതുജനങ്ങൾ എത്തിത്തുടങ്ങുന്നതോടെ എല്ലാം പഴയപടിയാകും. പ്രവേശനകവാടത്തിലെ തെർമൽ സ്കാനർ പരിശോധനയ്ക്ക് ശേഷമാണ് ജീവനക്കാർ കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. പ്രവൃത്തി സമയത്ത് ആരുമായൊക്കെ ഇടപെടുന്നുവെന്ന് മിക്കവരും കുറിച്ച് വയ്ക്കുന്നുണ്ട്. പടികളുടെ കൈവരിയിൽ പിടിക്കരുത്, ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം തുങ്ങിയ നിർദേശങ്ങൾ ചില സ്ഥാപനങ്ങളിൽ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ലിഫ്റ്റ് ഓപ്പറേറ്ററില്ല
വിവിധ വിഭാഗം ജീവനക്കാർ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാരെ പരിശോധിച്ച് കടത്തിവിടാൻ തെർമൽ സ്കാനർ സ്ഥാപിച്ചിട്ടില്ല. സ്ഥിരം പണിമുടക്കി പേരുദോഷമുള്ള ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ഓപ്പറേറ്ററില്ല. പലരും വന്ന് ലിഫ്റ്റിലെ ബട്ടൺ അമർത്തുന്നത് രോഗ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ നിർബന്ധമായും ലിഫ്റ്റ് ഓപ്പറേറ്റർ വേണമെന്ന് സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാരും പൊതുജനങ്ങളുമാണ് ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നത്.
.........................................
നിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ മുതൽ കളക്ടറേറ്റിൽ പരമാവധി ജീവനക്കാർ ഹാജരായിരുന്നു. വരുംദിവസങ്ങളിൽ പൊതുജനങ്ങൾ ധാരാളമായെത്തിയാൽ അത് വെല്ലുവിളി ഉയർത്തുമെന്ന് ആശങ്കയുണ്ട്
ജീവനക്കാരൻ