ആലപ്പുഴ: കൊവിഡിന്റെ മറവിൽ ചെറുകിട ഇറച്ചിക്കോഴി വ്യാപാരികളോട് സർക്കാർ നടത്തുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ഇറച്ചിക്കടകൾ അടച്ചിടാൻ ചിക്കൻ മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് കെ.എം.നസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉത്സവ സീസൺ അല്ലാത്തതിനാൽ കോഴിയുടെ വില 40 ശതമാനം കുറയേണ്ടതിന് പകരം അത്രയും തന്നെ ശതമാനം വർദ്ധനവാണ് ഉണ്ടായത്. 79 രൂപയ്ക്ക് കോഴി ലഭ്യമാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞെങ്കിലും ഇപ്പോൾ ലൈവ് കോഴിക്ക് 140ഉം മീറ്റിന് 230 രൂപയുമാണ്. ഇത് സാധാരണ ജനങ്ങളെയും ഇറച്ചി വ്യാപാരത്തെയും ബുദ്ധിമുട്ടിക്കുന്നു. നിലവിലെ കോഴിവില നിയന്ത്രിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും കെ.എം.നസീർ പറഞ്ഞു. ജില്ലാ ഭാരവാഹികളായ ജനറൽ സെക്രട്ടറി ആർ. ഷിഹാബ്, ട്രഷറർ എ.എസ്.അബ്ദുൾ സലാം, സെക്രട്ടറി ഹാഷിം എന്നിവരും ഉപ്പമുണ്ടായിരുന്നു.