ആലപ്പുഴ: തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന സമരത്തെ രാഷ്ട്രീയവത്കരിക്കാനുള്ള സി.പി.എം നീക്കം അപലനീയമാണെന്ന് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടി വി.ദിനകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ നേതാക്കൾ ഭാരവാഹികളായുള്ള ജനകീയ സമരസമിതി കക്ഷി രാഷ്ട്രീയത്തിനും
ജാതി-മത ചിന്തകൾക്കും അതീതമായി നടത്തുന്ന ജനാധിപത്യപരമായ സമരത്തെയാണ് രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത്. നിലവിലെ സമരം ധീവരസഭ സംസ്ഥാന തലത്തിൽ വ്യാപിപ്പിക്കും. 13ന് ചേരുന്ന ധീവരസഭാ സംസ്ഥാന കമ്മിറ്റി അന്തിമ രൂപം നൽകും. കൊവിഡിന്റെ മറവിൽ നടത്തുന്ന കരിമണൽ ഖനനത്തിന്റെ യഥാർത്ഥ വസ്തുത വെളിപ്പെടുത്താൻ സർക്കാരും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരനും തയ്യാറാകണം. ഭരണകക്ഷിയിലെ സി.പി.ഐ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. തോട്ടപ്പള്ളി തീരത്തെ കാറ്റാടി മരങ്ങൾ വെട്ടിനശിപ്പിക്കാൻ 2019 ആഗസ്റ്റ് 22ന് പൊലീസ് സന്നാഹത്തോടെ ജില്ലാ ഭരണകൂടം രംഗത്ത് വന്നപ്പോൾ അതിനെ ചെറുത്ത് പരാജയപ്പെടുത്തിയ ജനകീയ സമരസമിതിയിൽ സി.പി.എം പ്രതിനിധികളും ഉണ്ടായിരുന്നു. അന്ന് സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇരുവരെയും പാർട്ടിയിൽ നിന്നു പുറത്താക്കി. കരിമണൽ ഖനനത്തിനെതിരെ ആലപ്പുഴ മുതൽ വലിയഴീക്കൽ വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചപ്പോൾ ആ സമരത്തിന്റെ സംഘാടകരിൽ പ്രമുഖനായിരുന്നു അന്നത്തെ ജില്ലാ സെക്രട്ടറി എം.എ.ബേബി എന്നുള്ള കാര്യം ഖനനത്തെ ന്യായീകരിക്കുന്നവർ വിസ്മരിക്കരുതെന്നും ദിനകരൻ പറഞ്ഞു.