ഭക്തർക്ക് നിയന്ത്രണങ്ങളിൽ ഇളവ് ഇന്നുമുതൽ
ആലപ്പുഴ: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശിക്കാം. എന്നാൽ വിവിധ ആരാധനാലയങ്ങൾ വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങളും ഈ മാസം 30 വരെയോ ഇനിയൊരു തീരുമാനമുണ്ടാകുന്നതുവരെയാ അടച്ചിടാനാണ് തീരുമാനം. ദേവസ്വം ബോർഡിന് കീഴിലുള്ളതുൾപ്പെടെ വിവിധ ക്ഷേത്രങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമായി ഇന്ന് തുറക്കും.
എൻ.എസ്.എസ് ക്ഷേത്രങ്ങൾ തുറക്കില്ലെന്ന് തീരുമാനിച്ചപ്പോൾ, മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ ക്ഷേത്രങ്ങളുൾപ്പടെ തുറക്കാമെന്നാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട്. തുറക്കുന്ന ക്ഷേത്രങ്ങളിൽ തീർത്ഥവും പ്രസാദവും ലഭിക്കില്ല. അന്നദാനവും ചോറൂണും ഉണ്ടാവില്ല. പള്ളികളിലെ മാമോദിസ ചടങ്ങുകൾ കരസ്പർശമേൽക്കാതെ നടത്തണം. ആലപ്പുഴ രൂപതയിലെ ദേവാലയങ്ങൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇടവക വികാരി ഉൾപ്പെടെ അഞ്ചിൽതാഴെപ്പേർ പങ്കെടുക്കുന്ന ദിവ്യബലി നടത്തും. ഭൂരിഭാഗം മുസ്ലീം ദേവാലയങ്ങളിലും നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.
അവിടെ വേറെ വഴിയിൽ
ദേവസ്വം ബോർഡിന് കീഴിലല്ലാത്ത വിവിധ ക്ഷേത്രങ്ങളിൽ പതിവ് പൂജയ്ക്ക് പുറമേ ഭക്തരെത്തി വഴിപാടുകൾ കഴിപ്പിക്കുന്നുണ്ട്. മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയുമാണ് പലയിടത്തും ആളുകൾ പ്രവേശിക്കുന്നത്. ഉൾപ്രദേശങ്ങളിലെ ആരാധനാലയങ്ങളിലാണ് നിയന്ത്രണങ്ങൾ പാലിക്കപ്പെടാത്തത്.
..................................
# ദേവസ്വം ബോർഡ് നിയന്ത്രണങ്ങൾ
വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം
മാസ്ക് ധരിക്കണം
രജിസ്ട്രേഷന് പേന കൊണ്ടുവരണം
ഒരു സമയം 10 പേർക്ക് മാത്രം പ്രവേശനം
പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി രജിസ്ട്രേഷൻ നടത്തണം
....................................