ആലപ്പുഴ: സർക്കാരും ആരോഗ്യവകുപ്പും നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. മലബാർ മേഖലയിൽ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പൊതുജനങ്ങളുടെയും ഹോട്ടലുടമകളുടെയും ജീവനക്കാരുടേയും സുരക്ഷ മുൻനിറുത്തിയാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പാഴ്‌സൽ സർവീസ് മാത്രം നടത്തുന്നത്. മറ്റുള്ള ജില്ലകൾ സർക്കാർ മാർഗനിർദ്ദേശം പാലിച്ച് തുറന്ന് പ്രവർത്തിക്കും. ബസുകളിലും മറ്റ് വാഹനങ്ങളിലും അടുത്തടുത്തിരുന്ന് യാത്രചെയ്ത് വരുന്നവർ ഹോട്ടലുകളിൽ ആറ് അടി അകലം പാലിക്കണമെന്ന നിർദ്ദേശത്തിന്റെ യുക്തി മനസിലാകുന്നില്ല. ഉപഭോക്താക്കളെ ഒരു വാതിലിൽകൂടി കയറ്റി മറ്റ് വാതിലിൽകൂടി പുറത്തിറക്കണമെന്ന നിർദേശം ചെറുകിട ഇടത്തരം ഹോട്ടലുകളെ സംബന്ധിച്ച് അപ്രായോഗികമാണ്. ഒരു മാർഗനിർദേശവും പാലിക്കാതെ വഴിയോരങ്ങളിൽ നടക്കുന്ന അനധികൃത ഭക്ഷണവില്പന നിരോധിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.