ആലപ്പുഴ:ജില്ലയുടെ തീരദേശത്തുള്ള ഖനന വിഷയത്തിൽ നേരത്തെ സ്വീകരിച്ചിട്ടുള്ള നിലപാടിൽത്തന്നെ ഇപ്പോഴും സി.പി.ഐ ഉറച്ചു നിൽക്കുകയാണെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് വ്യക്തമാക്കി.
തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനവും കടൽ മണൽ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്റി പി. തിലോത്തമനെ പരാമർശിക്കുന്ന തരത്തിൽ സി.പി.എമ്മിന്റെ ബഹുജന സംഘടനകളുടെ ചില നേതാക്കൾ നടത്തുന്ന പ്രസ്താവനകളും അതിന് പ്രേരണ നൽകുന്നവരും മണൽ ഖനനത്തിനെതിരെ ഉയരുന്ന ജനവികാരത്തെ വിവാദം ഉയർത്തി തടയാനാണ് ശ്രമിക്കുന്നത്. ജില്ലയിലെ എല്ലാ മന്ത്റിമാരും ഭരണകക്ഷിയിൽപ്പെടുന്ന മറ്റ് ജനപ്രതിനിധികളും സ്വീകരിക്കുന്ന നിലപാട് തന്നെയാണ് മന്ത്റിയെന്ന നിലയിൽ പി.തിലോത്തമൻ സ്വീകരിട്ടുള്ളത്. ജില്ലയുടെ പാരിസ്ഥിതിക തകർച്ചയ്ക്കും അതുവഴി ജനജീവിതത്തിന്റെ തന്നെ തകർച്ചയ്ക്കും ഇടനൽകുമെന്നതിനാലാണ് പൊതുമേഖലയിലോ, സ്വകാര്യ മേഖലയിലോ സംയുക്ത മേഖലയിലോ തീരദേശത്ത് ഖനനം പാടില്ലെന്ന നിലപാട് പാർട്ടി നേരത്തെ സ്വീകരിച്ചത്.മറ്റ് വകുപ്പുകളിൽ ഇടപെടാതെ തന്റെ വകുപ്പിന്റെ ചുമതല ഭംഗിയായി നിർവ്വഹിച്ച മന്ത്റിയാണ് പി.തിലോത്തമനെന്നും ആഞ്ചലോസ് പറഞ്ഞു.