a

മാവേലിക്കര: കൊവിഡ് കാവലാളുകളായ പൊലീസ് ഉദ്യോഗസ്ഥർക്കും ആംബുലൻസ് ഡ്രൈവർമാർക്കും സഹായവുമായി ഡോ.രമേഷ് കുമാർ ഫൗണ്ടേഷൻ. നൂറോളം പി.പി.ഇ കിറ്റുകൾ, എൻ 95 മാസ്ക്, സർജിക്കൽ മാസ്‌കുകൾ, ഗ്ലൗസുകൾ, കണ്ണടകൾ എന്നിവ മാവേലിക്കരയിലെ പൊലീസ് ഉദ്യാഗസ്ഥർക്കും ജില്ലയിലെ ട്രോമ കെയർ ഇൻഷ്യറ്റീവിലെ പതിനഞ്ചോളം ആംബുലൻസ് ഡ്രൈവർമാർക്കും കൈമാറി.

ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടക്കാട്ട് കുടുബാംഗവും, അമേരിക്കയിലെ പ്രശസ്ത ഡോക്ടറുമായ ഡോ.നരേന്ദ്രകുമാർ മകന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ഡോ.രമേഷ് കുമാർ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ ഐ.എം.എയുടേയും കേരള പൊലീസിന്റെയും സഹകരണത്തോടെ നടത്തുന്ന ട്രോമ റെസ്‌ക്യു ഇൻഷ്യറ്റീവിന്റെ രണ്ടാംഘട്ട പി.പി.ഇ കിറ്റുകളുടെ വിതരണമാണ് ഇന്നലെ നടത്തിയത്. മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡോ.രമേഷ് കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ട്രോമ റെസ്‌ക്യു ഇന്‍ഷ്യറ്റീവ് ജില്ലാ ചെയർമാൻ ഡോ.എം.ആർ.രാജേന്ദ്രൻ പിള്ള മാവേലിക്കര സി.ഐ ബി.വിനോദ് കുമാറിനും ആംബുലൻസ് ഡ്രൈവർമാർക്കും ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ കൈമാറി.

ചടങ്ങിൽ ശ്രീദേവിവിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം കെ രാജീവ്, ഫൗണ്ടേഷൻ പ്രതിനിധി ഗോപൻ ഗോകുലം, ജൂനിയർ എസ്.ഐ ജിനു, സ്റ്റേഷൻ പി.ആർ.ഒ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം ഘട്ടത്തിൽ ഫൗണ്ടേഷന്റെ സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ജോൺ പണിക്കർ, പ്രസിഡന്റ് ഡോ.ശ്രീജിത്ത് എൻ.കുമാർ എന്നിവരുടെനേതൃത്വത്തിൽ മാവേലിക്കര ജില്ലാ ആശുപത്രി, ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.