ഹരിപ്പാട്: ടി.വി ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിയ അഞ്ചാം ക്ളാസുകാരന് സ്കൂളിന്റെ സ്നേഹ സമ്മാനം. പണിതീരാത്ത വീട്ടിലിരുന്ന് വിനായകൻ ഓൺലൈൻ പഠനം പൂർത്തിയാക്കും.
കരുവാറ്റ എസ്.എൻ.ഡി.പി യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി കരുവാറ്റ പഞ്ചായത്ത് 12-ാം വാർഡ് മേത്രയിൽ പടീറ്റതിൽ മോഹനൻ- സുഭദ്ര ദമ്പതികളുടെ ഇളയ മകൻ വിനായകന്റെ വിഷമം മനസിലാക്കിയാണ് സഹായവുമായി സ്കൂൾ അധികൃതർ എത്തിയത്. മത്സ്യത്തൊഴിലാളിയായ മോഹനനും തൊഴിലുറപ്പ് തൊഴിലാളിയായ സുഭദ്ര യും അടച്ചുറപ്പുള്ള വീടെന്ന പ്രതീക്ഷയിൽ ടി.വിയോ മറ്റ് വീട്ടുപകരണങ്ങളോ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. പഠനത്തിൽ മിടുക്കനായ വിനായകന്റെ അവസ്ഥയറിഞ്ഞ സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും തുണയാകുകയായിരുന്നു. സ്കൂൾ മാനേജർ സുധീർ, ഹെഡ്മിസ്ട്രസ് രാജി എന്നിവർ ചേർന്ന് ടി.വി വിനായകന് സമ്മാനിച്ചു. അജിതകുമാരി, വാർഡ് മെമ്പർ സുകുമാരി, ക്ലാസ് ടീച്ചർ ലീന, പി.ടി.എ പ്രസിഡന്റ് ഷീബ ശിവൻ എന്നിവർ പങ്കെടുത്തു.