ഹരിപ്പാട്: ജില്ലയെ പ്രളയജലത്തിൽ മുക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് യു.ഡി.എഫ് -ബി.ജെ പി സഖ്യം ശ്രമിക്കുന്നതെന്ന് കെ.എസ് കെ.ടി.യു ജില്ലാ പ്രസിഡന്റ് കെ.രാഘവനും ജില്ലാ സെക്രട്ടറി എം.സത്യപാലനും പ്രസ്താവനയിൽ പറഞ്ഞു.
തോട്ടപ്പള്ളി പൊഴിയുടെയും ലീഡിംഗ് ചാനലിന്റെയും ആഴവും വീതിയും വർദ്ധിപ്പിക്കാൻ സർക്കാർ ഫലപ്രഥമായ നടപടികളാണ് നടത്തുന്നത്. ഇതിനെ തടസപ്പെടുത്താണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും വെളളപ്പൊക്കം രൂക്ഷമാകാൻ കാരണം ലീഡിംഗ് ചാനൽ ആഴംകൂട്ടുന്നതിലെ അനാസ്ഥയാണെന്നാണ് യു.ഡി.എഫ് പ്രചരിപ്പിച്ചത്. എന്നാൽ ഇപ്പോൾ സർക്കാർ നടപടി സ്വീകരിച്ചപ്പോൾ അതിനെ തടസപ്പെടുത്തുകയും അനിശ്ചിതകാല സമരം നടത്തുകയുമാണ്. ഇത് കുട്ടനാട്-അപ്പർകുട്ടനാട്ട് മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തീരദേശത്ത് ഒരിടത്തും കരിമണൽ ഖനനം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ല. പൊഴിമുഖത്ത് നിന്നു നീക്കം ചെയ്യുന്ന മണൽ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനാണ് നൽകുന്നത്. കരിമണൽ വേർതിരിച്ച ശേഷമുള്ള മണൽ തീരദേശത്തു തന്നെ നിക്ഷേപിക്കാനാണ് സർക്കാർ തീരുമാനം. യു.ഡി.എഫ് -ബി.ജെ.പി സമരങ്ങൾക്കെതിരെ ഇന്ന് സി.പി.എം നേതൃത്വത്തിൽ വാർഡ്തല പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.