ആലപ്പുഴ: പഠനത്തിൽ ഉന്നത മികവ് പുലർത്തിയിരുന്ന ബികോം വിദ്യാർത്ഥിനിയായ അഞ്ജു പി.ഷാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ശനിയാഴ്ച ബി.വി.എം ഹോളിക്രോസ് കോളേജിൽ നടന്ന പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണമാണ് കുട്ടിയെ മരണത്തിലേക്ക് തള്ളിയിട്ടത്. പരീക്ഷ ഇൻവിജിലേറ്ററുടെയും പ്രിൻസിപ്പലിന്റെയും സമീപനം കുട്ടിയെ വിഷമിപ്പിച്ചു. സംസ്കാര ചടങ്ങുകൾക്കു മുമ്പേ പരീക്ഷാ ഹാളിലെ വീഡിയോ ദൃശ്യങ്ങളുമായി കോളേജ് അധികൃതർ രംഗത്തു വന്നത് സംശയം വർദ്ധിപ്പിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.