ആലപ്പുഴ: മുൻ രഞ്ജി ട്രോഫി താരം ജയേമാഹൻ തമ്പിയുടെ ഓർമകളിലാണ് ആലപ്പുഴ നഗരവും സഹപ്രവർത്തകരും.
ആലപ്പുഴ എസ്.ഡി.വി സ്കൂളിന് സമീപമായിരുന്നു കുടുംബം താമസിച്ചിരുന്നത്. 80കളിലാണ് ജോലി സംബന്ധമായി ആലപ്പുഴയോട് അദ്ദേഹം വിടപറഞ്ഞത്. എസ്.ഡി കോളജിലെ പഠനകാലത്തും ക്രിക്കറ്റിൽ സജീവമായിരുന്നു. ജൂനിയർ തല മത്സരങ്ങളിൽ മികവ് തെളിയിച്ചാണ് കളിയിൽ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിന് വേണ്ടി ആറ് രഞ്ജി ട്രോഫി മാച്ചുകളിൽ കളിച്ചു. 1978ൽ എസ്.ബി.ടിയിൽ ചേർന്നു. അതിന് മുമ്പ് രണ്ട് വർഷം അതിഥിയായി എസ്.ബി.ടിക്കു വേണ്ടി കളിച്ചതിന് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ബാങ്കിനായി 20 വർഷം കളിക്കളത്തിൽ നിറഞ്ഞുനിന്നു. 1982-84 കാലഘട്ടത്തിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായിരുന്നു. മുംബയ്, കർണാടക, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കിൽ ജോലി നോക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഒഫ് മൈസൂർ ഡെപ്യൂട്ടി ജനറൽ മാനേജരായാണ് വിരമിച്ചത്. ഒരു വർഷം മുമ്പ് ഭാര്യ അനിതയുടെ മരണത്തെ തുടർന്ന് ജയമോഹൻ തമ്പി അതീവ ദുഃഖിതനായിരുന്നു എന്ന് മുൻ സഹപ്രവർത്തകർ പറയുന്നു. ജയമോഹൻ തമ്പിയുടെ നിര്യാണത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ അനുശോചിച്ചു. എസ്.ബി.ടിയിലാണ് ജയമോഹൻ സേവനം ആരംഭിച്ചത്. ബാങ്ക് ലയനത്തോടെ പിന്നീട് എസ്.ബി.ഐയിലേക്ക് മാറി.