മാവേലിക്കര: ആരാധനാലയങ്ങൾ ഇന്നു തുറക്കുന്നതിന് മുന്നോടിയായി പ്രധാന ആരാധനാലയങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സി.ഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ യോഗം നടത്തി. ആരാധനാലയങ്ങൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി.

ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ പേരുവിവരങ്ങൾ നിർബന്ധമായും രജിസ്റ്ററായി സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രമുഖ ക്ഷേത്രങ്ങളായ ചെട്ടികുളങ്ങര, കണ്ടിയൂർ, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മറ്റം തുടങ്ങിയ ക്ഷേത്രങ്ങളിൽ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് പ്രതിനിധികൾ അറിയിച്ചു. മലങ്കര കത്തോലിക്ക സഭയുടെ ആരാധനാലയങ്ങൾ 30ന് ശേഷം മാത്രമേ തുറക്കുകയുള്ളുവെന്ന് യോഗത്തിൽ പ്രതിനിധികൾ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന ജുമ നമസ്കാരത്തിന് മാത്രമെ മാവേലിക്കര മുസ്ലീം ദേവാലയത്തിൽ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പ്രതിനിധികൾ അറിയിച്ചു.