മാവേലിക്കര: ബംഗളുരുവിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന മാന്നാർ പാവുക്കര കിടാശ്ശേരിൽ വീട്ടിൽ സലീല തോമസ് (70) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയതാണ്. നെഞ്ചുവേദനയെ തുടർന്നാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണത്തെത്തുടർന്ന് സ്രവം പരിശോധനയ്ക്കയച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മാന്നാറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രേഖകളിൽ വെള്ളിയാഴ്ച മുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിക്ക് എന്താവശ്യമുണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന മാർഗ്ഗ നിർദ്ദേശം അവഗണിച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ട ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിരീക്ഷണത്തിൽ ആയിരുന്നുവെന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.