തുറവൂർ: വളമംഗലം പൊൻവേലി കോളനി പരിസരം കേന്ദ്രീകരിച്ചു സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായെന്ന് പരാതി. കുത്തിയതോട് എക്സൈസ് റേഞ്ച് ഓഫീസിന്റെ വിളിപ്പാടകലെയാണ്, നാട്ടുകാരുടെ സമാധാന ജീവിതം തകർത്ത് മദ്യ- മയക്കുമരുന്ന് സംഘം വിലസുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷം യുവാക്കൾ അടങ്ങുന്ന സംഘം ഏറ്റുമുട്ടുന്നതും നിത്യസംഭവമാണ്. സാമൂഹ്യ വിരുദ്ധരുടെ ശല്യം മൂലം സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പരിസരത്തെ വീടുകളിൽ നിന്ന് കോഴികളെയും താറാവുകളെയും മോഷ്ടിക്കുകയും പരിസരത്തു തന്നെ പാകം ചെയ്ത് മദ്യത്തോടൊപ്പം കഴിക്കുന്നതും പതിവാണത്രെ.