ചാരുംമൂട്: കുടിവെള്ളം കിട്ടാൻ ഏറെ ബുദ്ധിമുട്ടുമ്പോൾ ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നത് കണ്ട് മറ്റപ്പള്ളി മലക്കാർക്ക് ചങ്കുപൊട്ടുകയാണ്.
പാറ്റൂർ കുടിവെള്ള പദ്ധതിയുടെ മറ്റപ്പള്ളി മലയിലെ പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് ആറുമാസത്തിലേറെയായി പാഴാകുന്നത്. വീടുകൾക്കായി വിതരണം നടത്തി വരുന്ന പ്രധാന പൈപ്പ് ലൈൻ കേടായതാണ് പ്രശ്നം.
പ്രദേശവാസികൾ നിരന്തരം ജല അതോറിട്ടി ഉദ്യോഗസ്ഥരെ വിവരമറിയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലത്രെ. പാലമേൽ മറ്റപ്പള്ളി നാലാം വാർഡിലെ കുളത്തുംത്തറ - മാവിള റോഡിൽ കൊച്ചുമുകളിൽ തടത്തിൽ തെക്കേതിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഭാസ്കരന്റെ വീടിനോട് ചേർന്നു കടന്നു പോകുന്ന പൈപ്പാണ് പൊട്ടിയത്. വെളുപ്പിന് നാലു മണി മുതൽ എട്ടുവരെയാണ് മറ്റപ്പള്ളി പമ്പ് ഹൗസിൽ നിന്നും വെള്ളം ഈ പൈപ്പുവഴി കടത്തിവിടുന്നത്. പാഴായി വെളിയിലേക്ക് ഒഴുകുന്ന വെള്ളം സമീപത്തെ രണ്ടു വീടുകൾക്കിടയിൽ കൂടി വയലിലേക്കാണ് ഒഴുകുന്നത്.
.........................
കേടായ പൈപ്പ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാനുള്ള നടപടി ഉണ്ടാകണം. നിരവധി തവണ നേരിട്ടും അല്ലാതെയും പരാതിപ്പെട്ടിട്ടും തകരാറു പരിഹരിച്ചിട്ടില്ല. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം
പ്രദേശവാസികൾ