ചേർത്തല: കാർത്ത്യായനി ക്ഷേത്രത്തിൽ ദേവഹരിതം പദ്ധതി ആരംഭിക്കാൻ തീരുമാനം. ആലോചനായോഗം മന്ത്റി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ തടി വഴിപാടിനാവശ്യമായ പാള ശേഖരിക്കുന്നതിനായി കവുങ്ങുകളും തെങ്ങ്,വാഴ, ആറാട്ട് കുളങ്ങളിൽ താമര,നെല്ല് തുടങ്ങിയവയും കൃഷിചെയ്യാനാണ് ധാരണയായത്. അമ്പലപ്പുഴ സബ് ഗ്രൂപ്പിന് കീഴിലുള്ളക്ഷേത്രം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഉപദേശകസമിതിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി കൃഷിനിലം ഒരുക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും വിത്ത് ശേഖരണത്തിനുൾപ്പെടെ നഗരസഭയുടെ സഹായം തേടണമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ദേവസ്വം ബോർഡ് അംഗം കെ.എസ്.രവി നിർദ്ദേശിച്ചു.
ഡെപ്യൂട്ടിദേവസ്വം കമ്മിഷണർ ജി. ബൈജു അദ്ധ്യക്ഷനായി. ഹരിതമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് പദ്ധതി വിശദീകരിച്ചു.ഉപദേശക സമിതി പ്രസിഡന്റ് എസ്.സന്തോഷ് കുമാർ, മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ്,സി.ഡി. ശങ്കർ,പി.ജ്യോതിമോൾ,ജി.കെ. അജിത്ത്, ഡി.ജ്യോതിഷ്,ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ കെ.ജയകുമാർ,എക്‌സിക്യുട്ടീവ് എൻജിനീയർ ഉപ്പിലിയപ്പൻ,എസ്. ഉഷാകുമാരി,നിഖിൽമോഹൻ എന്നിവർ പങ്കെടുത്തു.