a

 കുഞ്ഞിന്റെ ഇടതു കൈയിൽ 9 തുന്നൽ

മാവേലിക്കര: കുടുംബ വഴക്കിനെത്തുടർന്ന് സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന യുവതിയെയും ഒന്നര വയസുള്ള കുഞ്ഞിനെയും അതിക്രമിച്ചെത്തിയ ഭർത്താവ് ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചു. വരേണിക്കൽ തെറ്റിക്കുഴിയിൽ യശോധരന്റെയും ചന്ദ്രമതിയുടെയും മകൾ രാഖി (30), മകൻ പ്രദ്യുത് (ഒന്നര) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടര വയസുള്ള മൂത്ത മകൻ പാർത്ഥവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദ്യുതിന്റെ ഇടതു കൈമുട്ടിനു താഴെ 9 തുന്നൽ വേണ്ടിവന്നു. അക്രമത്തിനിടെ കൈക്കു പരിക്കേറ്റ ഭർത്താവ്, ചങ്ങനാശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീൺ കുമാറിനെ (33) കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

തലയ്ക്കും കഴുത്തിനും കവിളിലും പരിക്കേറ്റ രാഖി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണ സമയത്ത് രാഖിയുടെ കൈയിൽ ഇരിക്കുകയായിരുന്നു പ്രദ്യുത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. ഇരുവരും കുറച്ചുനാളുകളായി പിണക്കത്തിലായിരുന്നു. ഇന്നലെ രാവിലെ 10ന് വരേണിക്കലുള്ള വീട്ടിലെത്തിയ പ്രവീൺകുമാർ രാഖിയുമായി വാക്കുതർക്കം ഉണ്ടായി. വീട്ടുവഴക്കാണെന്നു കരുതി അയൽവാസികൾ ആദ്യം ശ്രദ്ധിച്ചില്ല. ഈ സമയം രാഖിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. വഴക്കിനിടെ പ്രവീൺകുമാർ ബിയർ കുപ്പി പൊട്ടിച്ച് രാഖിയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികൾ ഇയാളെ തടഞ്ഞുവച്ചു. രാഖിയേയും പ്രദ്യുതിനെയും ബന്ധുക്കളാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാഖിയെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവമറിഞ്ഞെത്തിയ കുറത്തികാട് പൊലീസ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ് ചങ്ങനാശേരിയിലെ ഭർത്തൃ ഗൃഹത്തിലും രാഖി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.