lorry

ആലപ്പുഴ: ദേശീയപാതയിൽ തിരുവമ്പാടി ജംഗ്ഷന് സമീപം ക്ലോറിൻ സിലിണ്ടറുകൾ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഗർഭിണി ഉൾപ്പെടെയുള്ള കാർ യാത്രികർക്ക് പരിക്കേറ്റു.

എറണാകുളം ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് കമ്പനിയിൽ നിന്നു ക്ലോറിനുമായി ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്ക് പോകുകയായിരുന്ന ലോറിയും ആലപ്പുഴ ഭാഗത്തേക്കു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലോറിയുടെ മുൻഭാഗത്തെ വീൽ പൂർണ്ണമായി തകർന്ന് പിന്നിലേക്ക് നീങ്ങി ഉടക്കിയതിനാൽ ലോറി റോഡിൽ നിന്നു വലിച്ചു നീക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. പൊലീസിന്റെ റിക്കവറി വാൻ എത്തിയെങ്കിലും ഭാരമേറിയ ക്ലോറിൻ സിലിണ്ടറുകൾ കയറ്റിയ ലോറി ഉയർത്തി നീക്കാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ ലോറിയുടെ വീലിനോട് ചേർന്നുള്ള ഇരുമ്പ് പൈപ്പുകൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചുനീക്കിയ ശേഷം വീൽ ഊരി മാറ്റി സ്റ്റെപ്പിനി ഘടിപ്പിച്ച് ലോറി സാവധാനം റോഡരികിലേക്കു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ. ഗിരീഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പി.എസ്. ഷാജി, വി.എം. ബദറുദ്ദീൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ഗിരീഷ് കൃഷ്ണൻ, രാജേഷ് കുമാർ, ബിജു, മുഹമ്മദ് സാലിഹ്, വിനീത് കലാധരൻ, പ്രശോഭ്, സനുരാജ്, ഡ്രൈവർമാരായ സുനിൽ കുമാർ, വിനീഷ് എന്നിവരടങ്ങിയ അഗ്നി രക്ഷാ സേനയുടെ എമർജൻസി റെസ്ക്യു ടീമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.