ആലപ്പുഴ:തോട്ടപ്പള്ളിയിലെ മണൽ ഖനനത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.പി.ഐ കുട്ടനാട് മണ്ഡലം കമ്മിറ്റി ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
കുട്ടനാട്ടിൽ നിന്നു ജലമൊഴുകാൻ തോട്ടപ്പള്ളി പൊഴി ഉടൻ മുറിക്കുക, തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നു കിഴക്കോട്ട് 11 കിലോമീറ്റർ നീളത്തിലുള്ള കിഴക്കൻ മണൽ നീക്കി ഒഴുക്ക് സുഗമമാക്കുക, ഇങ്ങനെ ലഭിക്കുന്ന മണൽ കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ സംരക്ഷണത്തിന് വിനിയോഗിക്കുക പ്രളയത്തിൽ വേമ്പനാട് കായലിൽ അടിഞ്ഞ എക്കൽ നീക്കം ചെയ്യാൻ ശാസ്ത്രീയ പഠനം നടത്തി തുടർനടപടികൾ സ്വീകരിക്കുക, എ.സി.കനാൽ നവീകരിച്ച് കുട്ടനാട്ടിൽ നിന്നുള്ള ജലമൊഴുക്ക് സുഗമമാക്കുക, തണ്ണീർമുക്കം ബണ്ടിലെ മണൽ ചിറ പൂർണ്ണമായും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
മങ്കൊമ്പിൽ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും രാമങ്കരിയിൽ സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസും പൂപ്പള്ളിയിൽ ജില്ലാ എക്സി. അംഗം പി.ജ്യോതിസും വെളിയനാട്ട് മണ്ഡലം സെക്രട്ടറി കെ.ഗോപിനാഥനും കൈനകരിയിൽ ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാറും തലവടിയിൽ മണ്ഡലം അസി. സെക്രട്ടറി ടി.ഡി.സുശീലനും തകഴിയിൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ സുപ്രമോദവും ഉദ്ഘാടനം ചെയ്യും.