ഒരുമാസത്തിനുള്ളിൽ പൂർത്തീകരിക്കും

#നിർമ്മാണം അമ്പലപ്പുഴ-തിരുവല്ല റോഡ് മോഡലിൽ രണ്ടര കോടി, ഒന്നേകാൽ കിലോമീറ്റർ നീളം

ആലപ്പുഴ: നഗരത്തി​ലെ പ്രധാന ജംഗ്ഷനായ ജനറൽ ആശുപത്രി​ ജംഗ്ഷനി​ൽ നി​ന്ന് കൊട്ടാരപ്പാലം

വരെയുള്ള റോഡ് നവീകരണത്തി​ന് തുടക്കം.

രണ്ടര കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡിന്റെ നവീകരണം പൊതുമരാമത്ത് വകുപ്പാണ് നടത്തുന്നത്. രണ്ട് കലുങ്കുകൾ പൊളിച്ചാണ് നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി​യത്. നിലവിലെ റോഡ് അത്യാധുനിക സംവിധാനത്തോടെയാണ് നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. നിലവിലെ റോഡ് പൊളിച്ച് ഉയർത്തി ഇരുവശവും കാണയോടുകൂടി നടപ്പാതയും കൈവരിയും ഉൾപ്പെടെയാണ് നിർമ്മാണം. നിലവിലുള്ള ടെലിഫോൺ, വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സംവിധാനവും ഒരുക്കിയാണ് റോഡ് നിർമ്മാണം. ആറുദിവസം മുമ്പാണ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. റോഡ് അടച്ചതോടെ നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമായി. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കും തെക്കുഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്കുമുള്ള കെ.എസ്.ആർ.ടി.സി വാഹനങ്ങൾ ഈ റോഡിലൂടെയാണ് സഞ്ചരിച്ചിരുന്നത്. റോഡ് അടച്ചതോടെ എല്ലാ വാഹനങ്ങളും ഇരുമ്പുപാലം വഴി പോകുന്നതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഒരുമാസത്തിനുള്ളിൽ റോഡ് പുനർനിമ്മാണം പൂർത്തീകരിക്കാനായിരുന്നു തീരുമാനം. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ പുനർ നിർമ്മാണം പൂർത്തീകരിക്കും.

വി​ട്ടുപോയെങ്കി​ലും കൈവി​ട്ടി​ല്ല

നഗരത്തിലെ റോഡ് പുനർനിർമ്മാണ പദ്ധതിയിൽ ഈ റോഡ് നി​ർമാണം വിട്ടുപോയി​രുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ച് റോഡ് പുനർ നിർമ്മിക്കാൻ മന്ത്രി സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായി​രുന്നു. ഇതനുസരിച്ചാണ് അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ മാതൃകയിൽ റോഡ് നിർമ്മാണം നടത്തുന്നത്. ഈ റോഡ് വരുന്നതോടെ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് പുതി​യ മുഖം വരും.

2.5

ജനറൽ ആശുപത്രി ജംഗ്ഷൻ - കൊട്ടാരപ്പാലം ജംഗ്ഷൻ റോഡ്

നി​ർമാണച്ചലവ് 2.5കോടി രൂപ

പദ്ധതി ഒറ്റനോട്ടത്തി​ൽ

#നീളം-ഒന്നേകാൽ കിലോ മീറ്റർ

#വീതി-ഏഴ് മീറ്റർ

#കാനയോടുകൂടിയ നടപ്പാത(ഇരുവശവും)-രണ്ട് മീറ്റർ

#കാലാവധി ഒരുമാസം

#കലുങ്കുകൾ രണ്ട്