 വീട്ടിൽ സൗകര്യമില്ലാത്തവർക്ക് 106 ഓൺലൈൻ പഠനകേന്ദ്രങ്ങൾ

ആലപ്പുഴ: വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പ് ജില്ലയിൽ 106 പഠനകേന്ദ്രങ്ങൾ സജ്ജീകരിക്കുന്നു. 12ന് മുമ്പ് ക്രമീകരണങ്ങൾ ഉറപ്പാക്കി ട്രയൽ ആരംഭിക്കും. റഗുലർ ഓൺലൈൻ ക്ലാസുകൾ 14ന് തുടങ്ങാനാണ് ആലോചിക്കുന്നത്.

ജില്ലയിലെ ലൈബ്രറികൾ, സി.ആർ.സി ഹാൾ, കൃഷിഭവൻ ഹാൾ, ബി.ആർ.സി സെന്ററുകൾ, പഞ്ചായത്ത് കമ്മ്യൂണി​റ്റി ഹാൾ എന്നിവിടങ്ങളിലാണ് 106 കേന്ദ്രങ്ങൾ ഓൺലൈൻ ക്ലാസുകൾക്കായി സജ്ജീകരിക്കുന്നത്. ഹാളുകൾ ക്രമീകരിക്കേണ്ടതും വൃത്തിയാക്കേണ്ടതും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതും ഹാളുകളുടെ ഉടമസ്ഥാവകാശമുള്ള സംഘടനകളാണ്. ഉപജില്ല, ജില്ല വിദ്യാഭ്യാസ ഓഫീസർമാർക്കായിരിക്കും സെന്ററുകളുടെ ചുമതല.

അതുവരെ ട്രയലുകളാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ കണക്കെടുപ്പിൽ ജില്ലയിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്നത് 3386 കുട്ടികൾക്കാണ്. എന്നാൽ വിവിധ വകുപ്പുകളുടെയും ഐ.ടി അ​റ്റ് സ്‌കൂളിന്റെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഇതിനകം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ പറഞ്ഞു. ആവശേഷിക്കുന്ന 2385 കുട്ടികൾക്കാണ് ജില്ലയിൽ ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്.

# ഓൺലൈൻ പഠനം

 സെന്ററുകളിൽ വൈദ്യുതി, കേബിൾ കണക്ഷൻ, ഫാൻ, കസേര, മേശ തുടങ്ങിയ സൗകര്യങ്ങൾ

 ചുമതല സമഗ്ര ശിക്ഷ കേരളയ്ക്ക്

 ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ സഹായം ഉറപ്പാക്കണം

 പഠന കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കേണ്ട ചുമതല അതത് പ്രഥമാദ്ധ്യാപകർക്ക്

 ഓരോ സ്‌കൂളിലെയും കുട്ടികളുടെ ചുമതല അതത് സ്‌കൂളുകളിലെ അദ്ധ്യാപകർക്ക്

 കുട്ടികളുടെ ഹാജർ ഈ അദ്ധ്യാപകർ ഉറപ്പുവരുത്തണം

..........................................

# കൊവിഡ് പ്രോട്ടോകോൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യവസായികൾ, കെ.എസ്.എഫ്.ഇ തുടങ്ങിയവരുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകൾക്ക് ടി.വി ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കാൻ കഴിയുമെന്ന് കളക്ടർ എ.അലക്സാണ്ടർ പറഞ്ഞു. എല്ലാ കുട്ടികളും ഓൺലൈൻ ക്ലാസ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ജില്ലാതലത്തിൽ ഡി.ഡി.ഇയും ഉപജില്ല തലത്തിൽ ഡി.ഇ.ഒ, എ.ഇ.ഒമാരുമായിരിക്കും. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സെന്ററുകളിൽ കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണ്. ഓരോ സെന്ററുകളിലും ചുമതലയുള്ള അദ്ധ്യാപകർ ഇത് ഉറപ്പുവരുത്തണം. അതത് സെന്ററുകളിലെ ഒൺലൈൻ ക്ലാസുകളുടെ സമയ വിവരപ്പട്ടിക ഓരോ സെന്ററുകളിലും ചുമതലയുള്ള അദ്ധ്യാപകർ മുൻകൂട്ടി പ്രദർശിപ്പിക്കണം.