ആലപ്പുഴ: എം.സി റോഡിൽ ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് ജംഗ്ഷനിൽ വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി തീർന്നിട്ടുള്ള ഡിവൈഡർ പരിശോധിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ദേശീയപാത പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർമാരും ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിയും ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം റിപ്പോർട്ടു സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
പന്തളം ഭാഗത്ത് നിന്ന് വരുമ്പോൾ ജംഗ്ഷന് സമീപമാണ് ഡിവൈഡർ സ്ഥാപിച്ചിട്ടുള്ളത്. ഡിവൈഡറിലേയ്ക്ക് വാഹനങ്ങൾ ഇടിച്ചുകയറി നൂറ് കണക്കിന് അപകടങ്ങളാണ് സംഭവിക്കുന്നത്. ഡിവൈഡർ നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷൻ നിർദേശിച്ചിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് പ്രദീപ്‌കോശി സമർപ്പിച്ച പരാതിയിൽ പറയുന്നു.