ആലപ്പുഴ:സി.ഐ.ടി.യു കരിമണൽ കടത്തിന് ഒത്താശ ചെയ്യുകയാണെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി വി.മോഹൻദാസ് ആരോപിച്ചു. കുട്ടനാട്ടുകാരെയും തീരവാസികളെയും ഒരേ സമയം കബളിപ്പിച്ച് കോടികൾ മതിപ്പുള്ള കരിമണൽ കടത്തിന് സി.ഐ.ടി.യു കൂട്ടുനിൽക്കുകയാണ്. അതിന് പുകമറ സൃഷ്ടിക്കാനാണ്, മന്ത്രിസഭാ തീരുമാനം നടപ്പാക്കുമ്പോൾ മന്ത്രി പി.തിലോത്തമൻ മൗനം പാലിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ആലപ്പുഴയിലെ മറ്റ് രണ്ടു മന്ത്രിമാരും മണൽകടത്തിനെ അനുകൂലിക്കുന്നുണ്ടോ എന്ന് സി.ഐ.ടി.യു വ്യക്തമാക്കണം. കാറ്റാടി മരം വെട്ടാൻ വനംവകുപ്പിനേയും ലീഡിംഗ് ചാനലിലെ ധാതുമണലടങ്ങിയ ചെളി നീക്കാൻ കെ.എം.എം.എല്ലിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. മണൽ കടത്തല്ലാതെ ഒരു തുള്ളി വെള്ളം കടലിലേക്ക് ഒഴുക്കാൻ മണലൂറ്റുകാർക്ക് കഴിഞ്ഞിട്ടില്ല. സി.പി.ഐയും മന്ത്രി പി.തിലോത്തമനേയും കുറ്റപ്പെടുത്തുന്നവർ മലർന്ന് കിടന്ന് തുപ്പുകയാണെന്നും മോഹൻദാസ് പ്രസ്താവനയിൽ പറഞ്ഞു.