ചേർത്തല: ഇരു കാലുകളിലും ഉണങ്ങാത്ത വ്രണങ്ങളുമായി കഴിയുന്ന സജിയുടെ ദുരിത ജീവിതത്തിന് 18 വർഷത്തെ പഴക്കമുണ്ട്. പെരുവിരലിൽ കുത്തിയെങ്കിലും ഒന്ന് നിൽക്കാമെന്ന് വിചാരിച്ചാൽ നിലത്ത് വീഴുമെന്ന അവസ്ഥ. ജീവിതം കൊടിയ ദുരിതം മാത്രം നൽകിയ ഈ 48 കാരന് ആശ്രയമായി ആരുമില്ല. സദാ സമയവും കഴിച്ചുകൂട്ടുന്ന സർക്കാരാശുപത്രിയിലെ ഒരു കിടക്കമാത്രമാണ് സ്വന്തമായുള്ളത്. ഒരടിയെങ്കിലും നടക്കാനാകണമെന്ന പ്രാർത്ഥന മാത്രമാണ് ഇപ്പോൾ സജിക്കുള്ളത്.
സഹോദരങ്ങൾ എല്ലാം ഉപേക്ഷിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ട് ചേർത്തല താലൂക്ക് ആശുപത്രിയിലെ ആറാം വാർഡിൽ ഒന്നരമാസമായി കഴിയുന്ന കടക്കരപ്പള്ളി പണ്ടാരത്തയ്യിൽ പീടികപ്പറമ്പിൽ പരേതരായ ദിവാകരന്റെയും ചന്ദ്രമതിയുടെയും അഞ്ചാമത്തെ മകനായ സജിയുടെ (48) ദുരവസ്ഥ പറഞ്ഞറിയിക്കാനാവില്ല. ഹോട്ടലിൽ പാചകക്കാരനായിരുന്നു. 18 വർഷം മുമ്പ് കാലിൽ വെരിക്കോസ് വെയിൻ ശസ്ത്രക്രിയ ചെയ്തു. ഇന്നേവരെ വ്രണം ഉണങ്ങിയിട്ടില്ല. ആലപ്പുഴ ഇ.എസ്.ഐ ആശുപത്രിയിൽ ആദ്യം വലത്കാലിനും തുടർന്ന് ഇടതു കാലിലും ശസ്ത്രക്രിയ നടത്തി. ഇരുകാലുകളിലും വച്ചുപിടിപ്പിച്ച മാംസം ഇളകിപ്പോയതിനാൽ കാൽ ചലിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.ചലനശേഷി നഷ്ടപ്പെട്ട അസ്ഥികൾ പൊടിഞ്ഞിരിക്കുകയാണെന്നാണ് സ്കാനിംഗിൽ കണ്ടെത്തിയത്. ഇനി മൂന്ന് ശസ്ത്രക്രിയകളും വെരിക്കോസ് വെയിനിനായി മറ്റൊരു ശസ്ത്രകിയയും നടത്തിയാലേ പൂർവ സ്ഥിതിയിലാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
മുഴുവൻ സമയം കട്ടിലിൽ തന്നെയാണ് കഴിയുന്നത്. കഴിഞ്ഞ ഏപ്രിൽ 22ന് കുടുംബ വീട്ടിൽ നിന്ന് സഹോദരൻ ഇറക്കി വിട്ടതിനെ തുടർന്നാണ് ചേർത്തല താലൂക്ക് ആശുപത്രിയിലെ 6-ാം വാർഡിൽ അന്തേവാസിയായത്.ചില്ലിക്കാശു പോലും കൈയിലില്ലാത്ത സജി വാർഡിലെ മറ്റ് രോഗികൾക്കൊപ്പമുള്ളവരുടെ കാരുണ്യത്തിലാണ് കഴിഞ്ഞു കൂടുന്നത്. ഭക്ഷണം ഉൾപ്പെടെ വാങ്ങി നൽകുന്നത് ഇവരാണ്.
സജി ഉൾപ്പെടെ എട്ടു മക്കൾക്കുമായി 10 സെന്റ് സ്ഥലമാണ് കുടുംബവകയായി ഉണ്ടായിരുന്നത്. രണ്ട് വർഷം മുമ്പ് മരിച്ച അമ്മ ചന്ദ്രമതി ഇളയമകന് മുഴുവൻ സ്ഥലവും ഇഷ്ടദാനമായി എഴുതി നൽകി. ഇയാൾ അവകാശം സ്ഥാപിച്ചതോടെ, അവിവാഹിതനും രോഗിയുമായ സജി വീട്ടിൽ നിന്ന് അടിച്ചിറക്കപ്പെട്ടു. മറ്റ് സഹോദരങ്ങളുടെ മൗനാനുവദാത്തോടെയായിരുന്നത്രെ അടിച്ചിറിക്കൽ. തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി ലക്ഷക്കണക്കിന് രൂപ ചെലവാകും. ഉദാരമതികളുടെ സഹായം ലഭിച്ചാൽ, 18 വർഷമായി ദുരിത ജീവിതം നയിക്കുന്ന സജിക്ക് ഒന്നു നടക്കാനാകും. നമ്മളെപ്പോലെ ജീവിതത്തിലേക്ക്. സജിയുടെ അക്കൗണ്ട് നമ്പർ: സജി പി.ഡി, SBI 32728034414 IFSC: SBIN0005046
ഫോൺ:9544222160.