ആലപ്പുഴ: മദ്യ ലഹരി​യി​ൽ വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്, പിടിവലിക്കിടെ ഇവർ ഓടി രക്ഷപ്പെട്ടപ്പോൾ വീട്ടുപകരണങ്ങൾ തല്ലിത്തകർത്തു. മൂന്നു വയസുള്ള മകനെ കമ്പിവടികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അയൽവാസിയായ സ്ത്രീ ബഹളംവച്ചതോടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. ഒളി​വി​ൽ പോയ പ്രതി​ മാരാരി​ക്കുളം തെക്കു പഞ്ചായത്ത് 16-ാം വാർഡ് ദേവസ്വം പറമ്പിൽ ബിനുരാജിനെ പൊലീസ് തിരയുന്നു.

കാട്ടൂർ സ്വദേശിയായ 26 കാരിയാണ് മണ്ണഞ്ചേരി പൊലീസിൽ പരാതിപ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. അടുക്കളയിലായിരുന്ന യുവതിയോട്, മദ്യപിച്ചെത്തിയ യുവാവ് പുറത്തേക്ക് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെത്തുടർന്ന് അകത്തുകയറി യുവതിയുടെ ദേഹത്ത് കടന്നു പിടിച്ചു. തള്ളിയിട്ടതോടെ ഇയാൾ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി. ബഹളംകേട്ട് എത്തിയ മൂന്നു വയസുള്ള ഇളയ മകനെ കമ്പിവടികൊണ്ട് അടിക്കാൻ ശ്രമിച്ചു. സമീപവാസിയായ സ്ത്രീ ഓടിവന്നതോടെയാണ് കുട്ടിയെ അടിക്കാതെ വിട്ടത്. യുവതി കുഞ്ഞുങ്ങളുമായി രക്ഷപ്പെട്ടതോടെ ഇയാൾ ടി.വി, ഫ്രിഡ്ജ് അടക്കമുള്ള വീട്ടുപകരണങ്ങളും മുൻ വശത്തെ വാതിലും തല്ലിത്തകർത്തു. ഭർത്താവ് ജോലിക്കു പോയതിനെ തുടർന്ന് വീട്ടമ്മയും ആറും മൂന്നും വയസുള്ള മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.