ജില്ലയിലെ ആകെ രോഗികൾ 88
ആലപ്പുഴ: ജില്ലയിൽ ഇന്നലെ പതിനോന്ന് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആയി. ഒരുഗർഭിണിയും അഞ്ച് സ്ത്രീകളും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.
ഇതുവരെ 17 പേർ രോഗമുക്തി നേടി. മൈസുരുവിൽ നിന്നെത്തിയ ചേർത്തല സ്വദേശിയും ദുബായിൽ നിന്നെത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗമുക്തി നേടിയത്. ഇന്നലെ രോഗം സ്ഥിരീകരിച്ച പത്തുപേർ വിദേശത്തു നിന്നും ഒരാൾ മുംബൈയിൽ നിന്നും എത്തിയവരാണ്. ദുബായിൽ നിന്നു 30ന് കൊച്ചിയിൽ എത്തിയ പട്ടണക്കാട് സ്വദേശിയായ യുവാവ്, ദുബായിൽ നിന്നു 4ന് കൊച്ചിയിൽ എത്തിയ ചമ്പക്കുളം സ്വദേശി, അബുദാബിയിൽ നിന്നു 31ന് തിരുവനന്തപുരത്തു എത്തിയ കുമാരപുരം സ്വദേശികളായ ദമ്പതികൾ, കുവൈറ്റിൽ നിന്നു 26ന് കൊച്ചിയിൽ എത്തിയ ചമ്പക്കുളം സ്വദേശിനി, അബുദാബിയിൽ നിന്നു 18ന് കൊച്ചിയിൽ എത്തിയ 76 വയസുള്ള ബുധനൂർ സ്വദേശിനി, മുംബയിൽ നിന്നു 24ന് സ്വകാര്യ വാഹനത്തിൽ എത്തിയ ചെങ്ങന്നൂർ സ്വദേശി, അബുദാബിയിൽ നിന്നു 28ന് കൊച്ചിയിൽ എത്തിയ ഗർഭിണിയായ പുലിയൂർ സ്വദേശിനി, റഷ്യയിൽ നിന്നു ഒന്നിന് കണ്ണൂരിൽ എത്തിയ കായംകുളം, കൃഷ്ണപുരം സ്വദേശിനികൾ, അബുദാബിയിൽ നിന്നു മൂന്നിന് തിരുവനന്തപുരത്ത് എത്തിയ ഓച്ചിറ സ്വദേശിനി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ പത്തുപേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും കൊവിഡ് സെന്ററുകളിൽ നിരീക്ഷണത്തിലായിരുന്നു.