കുട്ടനാട്: വികസനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന പള്ളാത്തുരുത്തിയിൽ ജനജീവിതം താറുമാറായിട്ടും തിരിഞ്ഞുനോക്കാൻ ആളില്ലെന്നു പരാതി. നഗരസഭയുടെ അവഗണനയ്ക്ക് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ആലപ്പുഴ നഗരത്തോട് തൊട്ടടുത്തുകിടക്കുന്ന പ്രദേശമാണെന്ന് പറയാമെങ്കിലും എസ്.എൻ വായനശാല മുതൽ കന്യാക്കോൺ ജംഗ്ഷൻ വരെ മൂന്നര കിലോമീറ്ററിലേറെ ദൈർഘ്യംവരുന്ന നടപ്പാതയിലൂടെ ദുരിതങ്ങൾ താണ്ടിയാലാണ് ഇവർക്ക് ടൗണിലെത്താൻ കഴിയുന്നത്. എന്നാൽ കാലവർഷം തുടങ്ങിയതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ വല്ലാത്ത ദുരിതത്തിലായി. വീണു പരിക്കേറ്റ നിരവധിപേർ 'രക്ത'സാക്ഷികളായി ഇപ്പോഴും പ്രദേശത്തുണ്ട്. അറുപതോളം കുടുംബങ്ങളാണ് ഈ നടപ്പാതയുടെ ദൈനംദിന ഉപഭോക്താക്കൾ. കാലവർഷം രൂക്ഷമാവുന്നതോടെ നിലവിലെ അവസ്ഥ വീണ്ടും ദയനീയമാവുമെന്ന് പ്രദേശവാസികൾ പറയുന്നു.