ആലപ്പുഴ: ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടാതെയും എ.സി കനാലിൽ നീരൊഴുക്ക് സുഗമമാക്കാതെയും തണ്ണീർമുക്കത്തെ മണൽ ചിറ നീക്കാതെയും കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ തോട്ടപ്പള്ളി പൊഴിമുഖത്തെ മണൽ കരിമണൽ ലോബിക്ക് കടത്തിക്കൊണ്ടുപോകാൻ അവസരമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു.

കരിമണൽ ഖനനത്തിനെതിരെയും കുട്ടനാടിനെ പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ജില്ലയിലെ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ജാഗ്രത കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഖനന വിഷയത്തിൽ സി.പി.എം പറയുന്ന ന്യായങ്ങൾ ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐക്കു പോലും മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, ഡി.സുഗതൻ, നെടുമുടി ഹരികുമാർ, ജി. സഞ്ജീവഭട്ട് , സി.വി. മനോജ് കുമാർ, എസ്. മുകുന്ദൻ, സീനത്ത് നാസർ തുടങ്ങിയവർ പങ്കെടുത്തു.