മാവേലിക്കര: തെക്കേക്കര വടക്കേമങ്കുഴി പുതുപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ശ്രീകുമാറിന്റെ ഭാര്യ ആർച്ചയുടെ (36) കാറിനും വീടിനും തീയിട്ട സംഭവത്തിൽ, ശ്രീകുമാറിന്റെ സഹോദരൻ പൃഥ്വിരാജിനെ 50 ദിവസത്തിനു ശേഷം കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 19ന് പുലർച്ചെ 2ന് ശേഷമാണ് സംഭവം. ആർച്ചയുടെ ഭർത്താവ് ശ്രീകുമാർ 2019 ഒക്ടോബറിൽ വിദേശത്ത് മരണമടഞ്ഞിരുന്നു. ശ്രീകുമാറിന്റെ ജ്യേഷ്ഠൻ പൃഥ്വിരാജും സംഘവും ചേർന്നാണ് തന്റെ കാറിനും വീടിനും തീയിട്ടതെന്ന് ആർച്ച പരാതി നൽകി. സംഭവസമയത്ത് ആർച്ചയെക്കൂടാതെ അമ്മ ലതികയും മക്കളായ ശ്രീനിധി, ശ്രീറാം, ശ്രീധന്യ എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. കല്ലുമല ബിഷപ് മൂർ സ്കൂൾ വിദ്യാർത്ഥിനിയായ ശ്രീനിധിക്ക്, ഏതാനും നാൾ മുമ്പ് സ്കൂൾ വിട്ട് വരുന്നതിനിടെ മരം ഒടിഞ്ഞുവീണ് കഴുത്തിനും കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. കാറും വീടും അഗ്നിക്കിരയാകുന്നതിനിടെ ഈ മകളെയും മറ്റു മക്കളെയും ചേർത്തു പിടിച്ച് അമ്മയ്ക്കൊപ്പം സമീപത്തുള്ള ബന്ധുവിന്റെ വീട്ടിൽ ആർച്ച അഭയം തേടുകയായിരുന്നു.
പൃഥ്വിരാജ് നാളുകളായി തന്നെ ശല്യപ്പെടുത്തി വരികയായിരുന്നുവെന്ന് ആർച്ച വെളിപ്പെടുത്തി. തന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തിയതിനെ ചോദ്യം ചെയ്ത് ആർച്ച പൃഥ്വിരാജിനെ ഫോൺ ചെയ്തിരുന്നു. സംഭവത്തിന്റെ തലേ ദിവസം വൈകിട്ട് 7ന് ഈ വിഷയം ചർച്ച ചെയ്യാനെന്ന് പറഞ്ഞ് പൃഥ്വിരാജിന്റെ വീട്ടിലേക്ക് ആർച്ചയെ ഇയാൾ വിളിപ്പിച്ചിരുന്നു. ഇവിടെ വെച്ച് തന്നെ പത്തു ദിവസത്തിനുള്ളിൽ കൊല്ലുമെന്നും കെട്ടിത്തൂക്കുമെന്നും പൃഥ്വിരാജ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആർച്ച പറഞ്ഞു. കാർ കത്തുന്നതിന് തൊട്ടുമുമ്പ് പൃഥ്വിരാജ് വീടിന്റെ വാതിലിൽ മുട്ടി തന്റെ പേരെടുത്തു വിളിച്ചെങ്കിലും കതകു തുറക്കാൻ ഭയന്നുവെന്ന് ആർച്ച പറയുന്നു. തുടർന്നാണ് കാറിന് തീയിട്ടത്. വീടിന്റെ വൈദ്യുതി വയറുകളും കത്തിനശിച്ചിരുന്നു. അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൃഥ്വിരാജ് എന്ന് പൊലീസ് പറഞ്ഞു. ആർച്ചയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.