കൂടിയ നിരക്കിൽ സർവീസുകൾ ഇന്നുമുതൽ
ആലപ്പുഴ: സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതോടെ ഇന്നു സർവീസ് പുനരാരംഭിക്കും. പൊതുഗതാഗത സംവിധാനങ്ങൾ പുനരാരംഭിച്ചപ്പോൾ ഏർപ്പെടുത്തിയ 12 രൂപ മിനിമം നിരക്കിലാവും യാത്ര.
കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി, സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിൻമേലാണ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്നത് വരെയാവും കൂടിയ നിരക്ക് ഈടാക്കുക. സാമൂഹിക അകലം പാലിച്ച് വേണം ബസിലെ യാത്ര എന്ന് കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ജില്ലയിൽ ലോക്ക് ഡൗൺ ഇളവിൽ ഏതാനും ബസുകൾ മാത്രമാണ് സർവീസ് ആരംഭിച്ചിരുന്നത്. തിങ്കളാഴ്ച്ച മുതൽ എല്ലാവരും പൂർണമായും സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
കൂടിയ നിരക്കിൽ ജില്ലയിലെ 450 ഓളം സ്വകാര്യ ബസുകളാണ് ഇന്ന് വീണ്ടും നിരത്തിലേക്ക് ഇറങ്ങുക. പ്രതിദിനം അയ്യായിരത്തിലധികം രൂപയുടെ നഷ്ടം സഹിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നത്. ജീവനക്കാർക്ക് ദിവസ വേതനം നൽകാനുള്ള വരുമാനം ലഭിച്ചിരുന്നില്ല. കൂടുതൽ ഇളവുകൾ നടപ്പിലായ സാഹചര്യത്തിൽ നഷ്ടമില്ലാത്ത രീതിയിൽ ഓട്ടം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകളും ജീവനക്കാരും.
..........................................
കൊവിഡ് കാലത്താണ് കൂടിയ നിരക്ക് ഈടാക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് യാത്ര ആരംഭിക്കും
പി.ജെ.കുര്യൻ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്