ആലപ്പുഴ: അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ അധികൃതർ പരീക്ഷയിൽ തോൽപ്പിക്കാൻ ശ്രമിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
നഗരത്തിലെ സ്കൂൾ വിദ്യാർത്ഥിയും മണ്ണഞ്ചേരി സ്വദേശിയുമായ പെൺകുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്ലസ് വൺ ഫലം വന്നപ്പോൾ വിദ്യാർത്ഥിനി ചില വിഷയങ്ങൾക്ക് തോറ്റെന്നും വീണ്ടും പരീക്ഷയെഴുതണമെന്നും സ്കൂളുകാർ പറഞ്ഞു. അതനുസരിച്ച് പരീക്ഷ എഴുതി. അതിലും പരാജയപ്പെട്ടെന്ന് അറിയിച്ചു. ഉത്തരക്കടലാസ് കാണണമെന്ന് പറഞ്ഞപ്പോൾ കെമിസ്ട്രിയുടേത് മാത്രം കാണിച്ചു. ഈ വിഷയത്തിൽ തോറ്റെന്നായിരുന്നു ആദ്യം അറിയിച്ചത്. താനും കൂട്ടുകാരിയും ഒന്നുരണ്ടു വിഷയങ്ങളിൽ തോറ്റിരുന്നു. സ്കൂളുകാർ പറഞ്ഞതനുസരിച്ച് മൂന്നാമതും പരീക്ഷയെഴുതി. ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകിയപ്പോഴാണ് അവസരം തന്നത്. അതിലും തോൽപ്പിച്ചു. ഉത്തരക്കടലാസ് കാണിക്കാൻ സ്കൂൾ അധികൃതർ തയ്യാറാകുന്നില്ല. ടി.സി വാങ്ങി പോകണമെന്ന് രണ്ട് അദ്ധ്യാപികമാർ പറഞ്ഞു. സി.ബി.എസ്.ഇ സിലബസായതിനാൽ വേറെ സ്കൂളിൽ ചേർന്ന് പഠിക്കാനാവില്ല. പുതിയ പ്രിൻസിപ്പലിനോട് അമ്മ പരാതിപ്പെട്ടപ്പോൾ നാലാമതും പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടു. ബാലവകാശ കമ്മിഷൻ, കളക്ടർ, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഒരുനടപടിയുമുണ്ടായില്ല. മാനസിക സമ്മർദ്ദത്തിലായതിനെത്തുടർന്നാണ് മരിക്കാനായി ഗുളിക കഴിച്ചതെന്ന് കുട്ടി മൊഴിയിൽ പറയുന്നു. സ്കൂളുകാർക്കെതിരെ മാസങ്ങൾക്ക് മുൻപ് തന്നെ വിദ്യാർത്ഥിനിയും മാതാപിതാക്കളും പരാതി നൽകിയിരുന്നു.