അമ്പലപ്പുഴ: മാലമോഷണ പരാതിയുടെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ഇരുപതുകാരനെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കരുമാടി കാട്ടുക്കുഴി വീട്ടിൽ രമേശ്ബാബുവിന്റെ മകനായ സന്തോഷ് (20) ആണ് അമ്പലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ഉൾപ്പെടെ പരാതി നൽകിയത്.
അമ്മ മരിച്ചതിനെത്തുടർന്ന്, ജ്യേഷ്ഠ സഹോദരി ഓമനയുടെ വീട്ടിലാണ് സന്തോഷും ഇളയ സഹോദരൻ സന്ദീപും താമസിക്കുന്നത്. ഓമന ജോലി ചെയ്യുന്ന വീടിന്റെ ഉടമസ്ഥൻ തന്റെ ആറ് പവൻ മാല നഷ്ടപ്പെട്ടു എന്ന് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് ഓമനയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തുടർന്ന് സന്തോഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും മർദ്ദിച്ചെന്നുമാണ് പരാതി.