tv-r

തുറവൂർ: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വില്ലേജ് ഓഫീസുകളിൽ വൻ തിരക്ക്.

വസ്തുകരം അടയ്ക്കാൻ സ്ത്രീകളും പ്രായമായവരുമുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വില്ലേജ് ഓഫീസുകളിൽ ദിവസവും നിത്യേന വിവിധ യാവശ്യങ്ങൾക്കായി എത്തുന്നത്. കൈ കഴുകാൻ വെള്ളം, സോപ്പ് ,സാനിട്ടൈസർ എന്നിവ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളിലും ക്രമീകരിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തെ തകർക്കും വിധം നിശ്ചിത അകലം പോലും പാലിക്കാതെ കൂട്ടമായാണ് ഓഫീസിനുള്ളിലും പുറത്തും ആളുകൾ നിൽക്കുന്നത്. ചില വില്ലേജ് ഓഫീസുകളിൽ കരമടയ്ക്കാനുള്ള ബുക്കിംഗ് രജിസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തിരക്കിന് യാതൊരു വിധ കുറവും നിയന്ത്രണവും ഇല്ല.

പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ പദ്ധതി അപേക്ഷ സമർപ്പിക്കാനും ജനകീയ ആസൂത്രണ ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകാനും മറ്റ് ആനുകൂല്യങ്ങൾക്കും നടപ്പ് സാമ്പത്തിക വർഷത്തെ കരമടച്ച ഭൂനികുതി രസീത് ആവശ്യമായതോടെയാണ് ജനങ്ങൾ വില്ലേജ് ഓഫീസുകളിലേക്ക് കൂട്ടമായി എത്താൻ കാരണം. അക്ഷയ കേന്ദ്രങ്ങൾ വഴി കരമടയ്ക്കാമെങ്കിലും ഇവിടങ്ങളിൽ നിന്നുള്ള അപേക്ഷ വില്ലേജ് ഓഫീസിൽ നിന്ന് കൺഫേം ചെയ്താലെ അക്ഷയ കേന്ദ്രങ്ങളിൽ പണം എടുക്കുകയുള്ളു. പല ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ കുറവുമൂലം ഇതും നടക്കാത്ത അവസ്ഥയാണ്. അശാസ്ത്രീയമായ ഓഫീസ് നടപടിക്രമങ്ങളും ജനങ്ങൾ ഓഫീസിൽ കാത്ത് നിൽക്കാൻ പ്രധാാന കാരണമാണ്.