നിക്ഷേപകർക്ക് കൈത്താങ്ങായി ഏജന്റുമാർ
ആലപ്പുഴ: ലോക്ക് ഡൗൺ സാമ്പത്തിക മാന്ദ്യത സാധാരണക്കാരന്റെ നിക്ഷേപശീലത്തെ പ്രതികൂലമായി ബാധിക്കുന്നു. വരുമാനനഷ്ടം മൂലം മൂന്നു മാസമായി പലർക്കും തുക നിക്ഷേപിക്കാനാവാത്ത സ്ഥിതിയാണ്.
വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി കുറച്ചു തുക മിച്ചം പിടിക്കാനാഗ്രഹിക്കുന്ന ശരാശരി വരുനമാനക്കാർ സാധാരണയായി റെക്കറിംഗ് ഡെപ്പോസിറ്റുകളെയാണ് (ആർ.ഡി) ആശ്രയിക്കാറുള്ളത്. പ്രതിമാസ നിക്ഷേപ പദ്ധതിയായ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളിലുണ്ടായ ഇടിവിന്റെ ശതമാനം പരിശോധിച്ചാൽ സാമ്പത്തിക മാന്ദ്യത പ്രകടമാകും. മൂന്ന് മാസത്തെ മുടങ്ങിയ നിക്ഷേപം ഒരുമിച്ച് അടയ്ക്കാൻ പലർക്കും നിലവിലെ അവസ്ഥയിൽ ശേഷിയില്ല. ചെയ്യുന്ന ജോലിക്ക് കമ്മിഷൻ നിരക്കിൽ പ്രവർത്തിക്കുന്ന ഏജന്റുമാരുടെ വരുമാനത്തിലും ഇതോടെ ഇടിവുണ്ടായി.
കൊവിഡ് സുരക്ഷ മാനിച്ച് എല്ലാ വീടുകളിലുമെത്തി പണം പിരിക്കാനും കഴിഞ്ഞ രണ്ട് മാസത്തിനിടെ സാധിച്ചിരുന്നില്ല. ഇതോടെ നാല് ശതമാനം കമ്മിഷനിൽ പ്രവർത്തിക്കുന്ന ഏജന്റുമാരും ബുദ്ധിമുട്ടിലായി. ആഴ്ചയിൽ രണ്ട് ദിവസം കളക്ഷനും ഒരു ദിവസം പോസ്റ്റ് ഓഫീസിൽ നിക്ഷേപവും എന്ന നിലയിലാണ് നിലവിൽ ഏജന്റുമാർ ജോലിചെയ്യുന്നത്. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ് ആർ.ഡി ഏജന്റുമാരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. ഏജൻസി മാത്രം ആശ്രയിച്ച് വരുമാനം നേടുന്നവരാണ് പലരും. വരുമാനമില്ലാതിരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ മറ്റ് യാതൊരു ആനുകൂല്യങ്ങളും ഏജന്റുമാർക്ക് ലഭിച്ചിട്ടില്ല.
..............
1500 പോസ്റ്റ് ഓഫീസ് കളക്ഷൻ ഏജന്റുമാർ
............................................
# റെക്കറിംഗ് ഡെപ്പോസിറ്റ്
ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെ പ്രതിമാസ നിക്ഷേപ പദ്ധതി
100 രൂപ മുതൽ 100ന്റെ ഗുണിതങ്ങളായി മാസാമാസം നിക്ഷേപിക്കാം
ബാങ്കുകളിൽ പലിശ 6.25 മുതൽ 8 ശതമാനം വരെ
പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ 7.3 ശതമാനം പലിശ
കാലാവധി 6 മാസം മുതൽ പരമാവധി 10 വർഷം വരെ
..........................................
വരുമാനം പ്രതിസന്ധിയിലായതോടെ കഴിഞ്ഞ മൂന്നു മാസം പലർക്കും തുക അടയ്ക്കാൻ സാധിച്ചിരുന്നില്ല. പലരുടെയും അക്കൗണ്ടിലേക്ക് ഏജന്റുമാർ സ്വന്തം കൈയിൽ നിന്ന് പണമടച്ചിരുന്നു. ഇങ്ങനെ സഹായിക്കുമെന്നൊരു വിശ്വാസം ഓരോ ഉപഭോക്താവിനുമുണ്ട്
(പി.വിനോദിനി, പോസ്റ്റ് ഓഫീസ് കളക്ഷൻ ഏജന്റ്, കാർത്തികപ്പള്ളി)
..........................................
സാധാരണക്കാരാണ് ഇക്കാലയളവിൽ തുക അടയ്ക്കാൻ ഏറെ ബുദ്ധിമുട്ടുന്നത്. അടവിന്റെ ശതമാനത്തിൽ ലോക്ക് ഡൗൺ കാലത്ത് ഇടിവുണ്ടായിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് പരമാവധി കളക്ഷന് ഏജന്റുമാർ ശ്രമിച്ചിരുന്നു
(സി.ജെ.ശ്രീദേവി, ജില്ലാ സെക്രട്ടറി, ആൾ കേരള മഹിളാപ്രധാൻ ഏജന്റ്സ്)