ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ മേഖലയിൽ ക്ഷേമനിധി കുരുക്ക്
ആലപ്പുഴ: ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ മേഖലയിലെ തൊഴിലാളികൾക്ക് ലോക്ക്ഡൗൺ ദുരിതം അവസാനിക്കുന്നില്ല. സാസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ ഇവരെ ഉൾപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളെ സാംസ്കാരിക പ്രവർത്തകർ എതിർക്കുന്നതിനാൽ ആ വഴിയും അടഞ്ഞു കിടക്കുകയാണ്.
കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേമനിധി സഹായമായി സർക്കാർ പ്രഖ്യാപിച്ച 1000 രൂപ നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് ലഭിച്ചത്. പലർക്കും ക്ഷേമനിധിയിൽ അംഗത്വം ലഭിക്കാത്തതാണ് പ്രധാന കാരണം. നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഇവർക്ക് ക്ഷേമനിധി അംഗത്വം സംബന്ധിച്ച തീരുമാനം എടുത്തത് 2005ലെ വി.എസ് സർക്കാരിന്റെ കാലത്താണ്. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. തങ്ങളുടെ ആനുകൂല്യം നഷ്‌ടമാവുമെന്ന ധാരണയിൽ സാംസ്കാരിക പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന്, പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ക്ഷേമനിധി ബോർഡ് ചെയർമാൻ സുരേഷ് കുമാർ നേതൃത്വം കൊടുത്ത ബോർഡ് ഈ തീരുമാനം മരവിപ്പിച്ചു. നിലവിലെ എൽ.ഡി.എഫ് സർക്കാർ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽത്തന്നെ ഇവരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ആദ്യം ലഭിച്ച 40 അപേക്ഷകർക്ക് അംഗത്വം നൽകി. ഇവർക്ക് പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യവും അനുവദിച്ചു. എന്നാൽ വീണ്ടും സാംസ്കാരിക പ്രവർത്തകർ എതിർത്തതോടെ പിന്നീടുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വന്ന് മേഖല സജീവമായാൽ മാത്രമേ തൊഴിലാളികൾക്ക് ഇനി തൊഴിൽ സാദ്ധ്യതയുള്ളൂ. അതിന് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന കാര്യത്തിൽ ഒരു തിട്ടവുമില്ല.
16,000: ഉടമകളുടെ എണ്ണം
2.5 ലക്ഷം: തൊഴിലാളികൾ
...........................................
പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്നവർ വല്ലാത്ത ദുരിതത്തിലാണ്. ക്ഷേമനിധി ആനുകൂല്യങ്ങൾ അർഹതപ്പെട്ട എല്ലാവർക്കും ലഭിക്കാൻ സർക്കാർ ഇടപെടണം
(സലിം മുരുക്കുംമൂട്,സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ)